chandra

പാലാ : ''റെഡ് എന്നാൽ ഒന്ന്, യെല്ലോ എന്നാൽ രണ്ട്, ബ്ലൂ എന്നാൽ മൂന്ന്''... പാട്ടുപോലെ വർണ്ണവിസ്മയങ്ങളുടെ ലോകത്തേക്ക് കുരുന്നുകളെ കൂട്ടിക്കൊണ്ടുപോകുകയാണ് ചിത്രകാരൻ ആർ.കെ.ചന്ദ്രബാബു. എണ്ണം പഠിക്കുന്നതിനൊപ്പം നിറങ്ങളും കുട്ടികളുടെ മനസ്സിൽ പതിപ്പിക്കാൻ ഈ കൊച്ചുപാട്ടുകൾ ധാരാളം. ഒരു മണിക്കൂറിനുള്ളിൽ മനോഹരമായ പ്രകൃതിചിത്രങ്ങൾ കുട്ടികളെക്കൊണ്ടും അദ്ധ്യാപകരെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും വരപ്പിച്ചാണ് ചിത്രകാരൻ കൈയടി നേടിയത്. നെച്ചിപ്പുഴൂർ ദേവീ വിലാസം എൻ.എസ്.എസ്. എൽ.പി സ്‌കൂളിലായിരുന്നു ക്യാമ്പ്. 25 വർഷമായി ചിത്രകലാ അദ്ധ്യാപകനാണ് ചന്ദ്രബാബു. ഈ വേളയിൽ കേരളത്തിലെ 25 സ്‌കൂളുകളിൽ 25 കുട്ടികളെ വീതം അണി നിരത്തി 25 ചിത്രകലാ ക്യാമ്പുകളാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. തുടക്കം സ്വന്തം മാതൃവിദ്യാലയത്തിൽ നിന്ന് തന്നെ തുടങ്ങി.

തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയിട്ടുളള ഇദ്ദേഹം നെച്ചിപ്പുഴൂർ രാമചന്ദ്ര മന്ദിരം കുടുംബാംഗമാണ്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലാണ് സേവനമനുഷ്ഠിക്കുന്നത്. ടീച്ച് ആർട്ട് എന്ന സംഘടനയുടെ കോ-ഓർഡിനേറ്ററായ കൂടിയായ ഇദ്ദേഹം കൊവിഡ് കാലഘട്ടത്തിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓൺലൈൻ ചിത്രകലാ പരിശീലനം നൽകി. ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും എച്ച്.ഐ.വി., ഓട്ടിസം രോഗികൾക്കായും സ്‌പെഷ്യൽ സ്‌കൂളുകൾക്കായും തെരുവിൽ ജീവിക്കുന്നവർക്കുമൊക്കെ സൗജന്യ ക്യാമ്പുകൾ നടത്തി.

കുട്ടികൾക്കെല്ലാം സൗജന്യം

പങ്കെടുക്കുന്ന കുട്ടികൾക്ക് പേപ്പർ മുതൽ ക്രയോൺസും മറ്റ് നിറങ്ങളുമൊക്കെ സൗജന്യമായി വിതരണം ചെയ്താണ് ചിത്രകല അഭ്യസിപ്പിക്കുന്നതെന്ന് ചന്ദ്രബാബു പറഞ്ഞു. സ്‌കൂളുകൾക്ക് പുറമെ മറ്റ് വേദികളിലും സൗജന്യ ചിത്രകലാപാഠം ഇദ്ദേഹം പകർന്നു നൽകുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജി. നായർ അദ്ധ്യക്ഷത വഹിച്ചു. നിതിൻ പി.വി., സ്വാതി സുബാഷ്, ഗിരീഷ് കൃഷ്ണൻ, അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.