പൊട്ടശേരി പാലത്തെ കൈയൊഴിഞ്ഞ് അധികാരികൾ
ചങ്ങനാശേരി: എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് ഒന്നുമില്ല? പൊട്ടശേരി പാലത്തിന്റെ കാര്യത്തിൽ ചങ്ങനാശേരി നഗരസഭയുടെയും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും നിലപാട് ഇങ്ങനെയെന്ന് വേണം കരുതാൻ. നഗരസഭയുടെയും തൃക്കൊടിത്താനം പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പാലമാണ് പൊട്ടശേരി പാലം. സംരക്ഷണഭിത്തി ഇടിഞ്ഞിട്ടും പാലം നവീകരിക്കുന്ന കാര്യത്തിൽ ഇരുകൂട്ടർക്കും അനങ്ങാപ്പാറ നയമാണ്. പാലം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ നവീകരണം പാലത്തിൽ നടത്തിയിട്ടില്ല. പാലത്തിന്റെ വീതികുറവ് മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. പാലത്തിന്റെ കൈവരികളും അരികിലെ കരിങ്കൽ കെട്ടുകളും ഏതുനിമിഷവും നിലംപതിക്കാമെന്ന് അവസ്ഥയിലാണ്. പാലത്തിൽ നിന്ന് അപ്രോച്ച് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ആൽമരം വളർന്നു വേരുകൾ ഇറങ്ങിയതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം.
പ്രാധാന്യമുണ്ട്, പക്ഷേ മനസുവെയ്ക്കണം
തൃക്കൊടിത്താനത്തിന് തൊട്ടടുത്ത സ്ഥലമായതിനാൽ വികസനസാധ്യത വളരെയധികമുള്ള പ്രദേശമാണിത് .ചങ്ങനാശ്ശേരി മല്ലപ്പള്ളി റോഡിന് സമാന്തര മായ റോഡാണിത്. ഫാത്തിമാപുരം, പൊട്ടശ്ശേരി, പുലിക്കോട്ടുപടി, കോട്ടമുറി, മാന്താനം ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തിൽ ഈ റോഡിലൂടെ എത്താം. തെങ്ങണ റോഡിലേക്ക് വളരെ വേഗം എത്താൻ കഴിയും. റോഡ് വികസനം നടത്താത്തതിനാൽ വലിയ വാഹനങ്ങൾ ഫാത്തിമാപുരം വഴി പൊട്ടശേരി ഭാഗങ്ങളിലേക്ക് എത്തുന്നില്ല.
പാലത്തിന്റെ പഴക്കം: 80 വർഷം