
ഇന്ന് ഓൺലൈൻ യോഗം, തുറക്കേണ്ടിയിരുന്നത് മാർച്ച് 15 ന്
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സമയം കഴിഞ്ഞ് മാസം ഒന്നായിട്ടും തുറക്കാത്തത് അപ്പർകുട്ടനാട്ടിൽ ജലമലിനീകരണം രൂക്ഷമാക്കി. കോട്ടയം, ആലപ്പുഴ കളക്ടർമാരും റവന്യു - ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലായതിനാൽ സംയുക്ത യോഗം വിളിക്കാനാകുന്നില്ല. ഏപ്രിൽ 9 ന് ആലോചനാ യോഗം ചേരാൻ രണ്ടാഴ്ച മുൻപ് തീരുമാനിച്ചതാണ്. ഇന്ന് ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ടെങ്കിലും നടക്കുമോയെന്ന് ഉറപ്പില്ല. കൊയ്ത്ത് പൂർത്തിയാകാത്തതിനാൽ ഷട്ടറുകൾ തുറക്കുന്നത് ഉപ്പുവെള്ളം കയറി നെല്ല് നശിക്കാൻ ഇടയാക്കുമെന്നതിനാൽ ബണ്ട് തുറക്കുന്നതിനോട് പാടശേഖരസമിതികൾക്ക് യോജിപ്പില്ല. എന്നാൽ മത്സ്യസമ്പത്തിനെ ബാധിച്ചതോടെ ഉടൻ തുറക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഡിസംബർ 15 ന് അടച്ച് മാർച്ച് 15 ന് തുറക്കുന്നതാണ് പതിവ്. എന്നാൽ പലപ്പോഴും ഇത് പാലിക്കാറില്ല. വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും വെള്ളത്തിന് രൂക്ഷ ഗന്ധമാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് താഴ്ന്ന പ്രദേശങ്ങൾ.
കുന്നുകൂടി പോള, നെല്ല് എങ്ങനെ എത്തിക്കും
വേലിയേറ്റ - വേലിയിറക്ക പ്രക്രിയ ഇല്ലാതെ ഒഴുക്ക് നിലച്ചതോടെ പായലും പോളയും നിറഞ്ഞു ജലഗതാഗതവും തടസപ്പെട്ടു. കൊയ്ത്ത് കഴിഞ്ഞ പാടത്തു നിന്ന് വള്ളത്തിൽ നെല്ല് എത്തിക്കാനുമാകുന്നില്ല. വേനൽ മഴയിൽ നെല്ല് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. ജലഗതാഗതവകുപ്പിന്റെ കുമരകം - മുഹമ്മ , കോട്ടയം ആലപ്പുഴ ബോട്ട് സർവീസിനെയും പോള നിറഞ്ഞു കിടക്കുന്നത് പ്രതികൂലമായി ബാധിച്ചു. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുരുങ്ങുന്നതോടെ ജീവനക്കാർ വെള്ളത്തിൽ ചാടി പോളമാറ്റിയാണ് യാത്ര തുടരുന്നത്. യാത്രാ ചെലവ് കുറവുള്ള ബോട്ട് സർവീസിനെയാണ് ജീവനക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ആശ്രയിക്കുന്നത്. ഹൗസ് ബോട്ടും പായലിൽ കുരുങ്ങുന്നത് കായൽ ടൂറിസത്തെയും ബാധിച്ചു.
''ഉപ്പുവെള്ളം കയറി കോട്ടയത്ത് കുടിവെള്ള വിതരണം താറുമാറാകാതിരിക്കാൻ ബണ്ട് തുറക്കുന്നതിന് മുന്നോടിയായി മീനച്ചിലാറ്റിൽ താഴത്തങ്ങാടി , തിരുവാർപ്പ്, കല്ലുമട ഭാഗത്തും, തലയാഴം ,വൈക്കം തുടങ്ങിയ സ്ഥലങ്ങളിലും താത്ക്കാലിക തടയണകൾ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികളും തിരഞ്ഞെടുപ്പ് കാരണം നടന്നിട്ടില്ല. ഉപ്പുവെള്ളം തടയാതിരുന്നാൽ പകർച്ച വ്യാധിയ്ക്കിടയാക്കും.പൊന്നപ്പൻ (കുമരകം)