el

കോട്ടയം : ചെറിയ പെരുന്നാളിന്റെ അവധി മൂഡ് കൂടുതൽ വോട്ടർമാരിലേക്കെത്താനുള്ള പ്രചാരണമാക്കി മൂന്നുമുന്നണി സ്ഥാനാർത്ഥികൾ. മുസ്ലിം പള്ളികളിലും ഈദ് ഗാഹ് നടന്ന പൊതുസ്ഥലങ്ങളിലും രാവിലെ സ്ഥാനാർത്ഥികൾ എത്തി റംസാൻ ആശംസകൾ നേർന്ന് വോട്ടർമാരെ കൈയിലെടുക്കാൻ മത്സരിച്ചു. തുടർന്ന് കൂടുതൽ വോട്ടർമാരെ കാണുന്നതിനുള്ള ഓട്ട പ്രദക്ഷിണം.

ജന്മനാടിന്റെ സ്നേഹമേറ്റുവാങ്ങി ചാഴികാടൻ

കടുത്തുരുത്തിയിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനെ പൂക്കളും പഴങ്ങളും നൽകിയാണ് ജന്മനാട് സ്വീകരിച്ചത്. പലരെയും പേരെടുത്തു വിളിച്ചും അഭിവാദ്യം ചെയ്തും നാട്ടുകാരിലെരാളായി അദ്ദേഹം മാറി. രാവിലെ 8ന് വെളിയന്നൂരിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സി.കെ.ശശിധരൻ പര്യടനം ഉദ്ഘാടനം ചെയ്തു. വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലായിരുന്നു പര്യടനം. മരങ്ങാട്ടുപിള്ളിയിൽ എത്തിയപ്പോൾ ചെയർമാൻ ജോസ് കെ മാണി കൂടിയെത്തിയപ്പോൾ ആവേശം ഇരട്ടിയായി. രാത്രി വടകുന്നപ്പുഴയിലായിരുന്നു സമാപനം.

പിറവം ഉഴുതുമറിച്ച് ഫ്രാൻസിസ് ജോർജ്

പിറവം മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പര്യടനം. പാളത്തൊപ്പി അണിയിച്ചും പൂക്കൾ നൽകിയും നാട്ടുകാർ അദ്ദേഹത്തെ സ്വീകരിച്ചു. മണീട് പഞ്ചായത്തിലെ പാമ്പ്ര രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന ചടങ്ങ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സമകാലിക സംഭവങ്ങൾ കോർത്തിണക്കി പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച കലാജാഥ പര്യടനത്തിന് മാറ്റ് കൂട്ടി. മോൻസ് ജോസഫ് എം.എൽ.എ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് ,മുൻ എം.പി പി.സി.തോമസ് എന്നിവർ വിവിധയിടങ്ങളിൽ പങ്കെടുത്തു. രാത്രി എറെ വൈകി മുളക്കുളം പള്ളിപ്പടിയിലായിരുന്നു സമാപനം.

വികസന തുടർച്ചയ്ക്ക് മോദി തുടരണം : തുഷാർ

രാജ്യത്തിന്റെ വികസന തുടർച്ചയ്ക്ക് മോദി സർക്കാർ മൂന്നാമതും വരേണ്ടത് അനിവാര്യമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സമസ്ത മേഖലയിലും വികസനക്കുതിപ്പുള്ള രാജ്യമായി ഭാരതം മാറി. എൻ.ഡി.എ സ്ഥാനാർത്ഥി യുടെ കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബി.ഡി.ജെ.എസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സാംസ്കാരിക കലാ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളിൽ വൻ കുതിച്ചു ചാട്ടമാണ് രാജ്യത്തുണ്ടായത്. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച്‌ചയില്ലാത്ത നടപടി ഭാരതത്തെ ഉന്നതിയിൽ എത്തിച്ചു. സാധാരണക്കാരെ കൂടി വികസനത്തിൽ എത്തിക്കാൻ കഴിഞ്ഞതാണ് മോദി സർക്കാരിന്റെ നേട്ടം. കോട്ടയവും വികസനമാണ് കൊതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.