പുലിയന്നൂരിൽ ഭീഷണി ഉയർത്തി മരണക്കുഴി
പുലിയന്നൂർ: ഇവിടെയൊരു മരണക്കുഴിയുണ്ട്.... അത് അധികാരികൾ കാണാതെ പോകരുത്. ഏറ്റുമാനൂർ-പാലാ സംസ്ഥാനപാതയിൽ നിരവധി അപകടങ്ങൾക്ക് വേദിയായ പുലിയന്നൂർ ഭാഗത്താണ് കുഴി വാരിക്കുഴിയായി മാറിയത്. ഇവിടെയെന്തെങ്കിലും ചെയ്ത് അപകടം ഒഴിവാക്കിയേ പറ്റൂവെന്ന് നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. ഇരുചക്രവാഹനങ്ങൾക്കും കാൽയാത്രക്കാർക്കുമാണ് കുഴി ഭീഷണി ഉയർത്തുന്നത്. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങൾ വശം ചേർന്നുവരുമ്പോൾ ഇരുചക്രവാഹനങ്ങൾ അപകടമൊഴിവാക്കാൻ റോഡരികിലേക്ക് മാറും. എന്നാൽ റോഡിൽ നിന്നും സാമാന്യം ആഴത്തിലുള്ള കുഴിയിലേക്കാണ് വാഹനങ്ങൾ ചെന്നുപതിക്കുക. ഇതിനോടകം നിരവധി ഇരുചക്രവാഹനങ്ങളിൽ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാത്രി കാലത്ത് വശങ്ങളിലേക്ക് പെട്ടെന്ന് മാറുന്ന കാൽനടയാത്രക്കാർക്കും വീണ് പരിക്കേൽക്കുന്നു.
പരിശോധിച്ചു, പക്ഷേ തുടർനടപടികളില്ല
ഇവിടെ വിവിധ ഹോസ്റ്റലുകളിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കാൽനടയായി യാത്രചെയ്യുന്ന ഇവരും അപകടഭീതിയിലാണ്. ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചത്. വിവിധ സംഘടനകളും നാട്ടുകാരും പരാതിയുമായി രംഗത്തുവന്നപ്പോൾ നാറ്റ് പാക് സംഘം പരിശോധന നടത്തിയെങ്കിലും ക്രമീകരണങ്ങളോ തുടർനടപടികളോ ഉണ്ടായിട്ടില്ല. കുഴി മൂടി ദുരന്തം ഒഴിവാക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലിയന്നൂർ റോഡിലെ അപകടക്കുഴി അടയ്ക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.
പി.പോത്തൻ, പ്രസിഡന്റ്, പാലാ പൗരസമിതി
ഫോട്ടോ അടിക്കുറിപ്പ്
പുലിയന്നൂരിൽ അപകടഭീഷണി ഉയർത്തുന്ന നിലയിലുള്ള റോഡ് വശം.