തലയോലപ്പറമ്പ്: ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല ഭക്തിസാന്ദ്രമായി. മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങിയ ആറ്റുവേലച്ചാടിന്റെ നയന മനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാൻ ഇരുകരകളിലുമായി വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് എത്തിയത്.
അനുജത്തിയായ ഇളങ്കാവിലമ്മയെ ആണ്ടിലൊരിക്കൽ വന്നുകാണാൻ ജ്യേഷ്ഠത്തിയായ കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗ്ഗം ഇളങ്കാവിലേക്ക് വരുന്നതാണ് ആറ്റുവേലയെന്ന് വിശ്വാസം. രണ്ട് വലിയ കേവു വള്ളങ്ങൾ ചേർത്ത് മൂന്ന് നിലകളിലുള്ള ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച ആറ്റുവേലച്ചാടിന്റെ ശ്രീകോവിലിൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് അതിൽ കുത്തു വിളക്കുകളും ചുറ്റുവിളക്കുകളും തൂക്കുവിളക്കുകളും കൊണ്ട് അലങ്കരിച്ചാണ് ആറ്റുവേലച്ചാട് ക്രമീകരിച്ചത്. ആറ്റുവേല ഇളങ്കാവ് ക്ഷേത്രക്കടവിലെത്തിയപ്പോൾ ക്ഷേത്രം തന്ത്രി അരിയും പൂവും അർപ്പിച്ച് ഭഗവതിയെ എതിരേറ്റ് പള്ളി സ്രാമ്പിലേക്ക് എഴുന്നള്ളിച്ചു.തുടർന്ന് ആറ്റുവേല ദർശനം നടന്നു. ഇന്നലെ വൈകിട്ട് പീലി തൂക്കവും തുടർന്ന് രാത്രി വിവിധ കരങ്ങളിൽ നിന്നും വഴിപാടായി എത്തുന്ന കരത്തൂക്ക ഗരുഡൻ പറവകൾ ക്ഷേത്ര മൈതാനിയിൽ അണിനിരന്ന് വാദ്യ മേളങ്ങളുടെ ശബ്ദഘോഷത്തോടെ പീലിത്തട്ടിൽ നൃത്തമാടി പള്ളിസ്രാമ്പിന് വലത്തുവച്ച് ഗരുഡൻ പറവകൾ ചൂണ്ട കൊത്തിയതോടെ ആറ്റുവേല ഉത്സവം സമാപിച്ചു.

ഫോട്ടോ: ആറ്റുവേല ഇളങ്കാവ് ക്ഷേത്രക്കടവിലെത്തിയപ്പോൾ ക്ഷേത്രം തന്ത്രി അരിയും പൂവും അർപ്പിച്ച് ഭഗവതിയെ എതിരേറ്റ് പള്ളി സ്രാമ്പിലേക്ക് എഴുന്നളളിക്കുന്നു.