പാലാ: തീച്ചാമുണ്ഡി തെയ്യം നിറഞ്ഞാടി... അത് ഭക്തമനസുകളിൽ വിശ്വാസത്തിന്റെ കനലാട്ടമായി മാറി. ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മീനഭരണ ആറാട്ടുത്സവ ഭാഗമായി തെയ്യം നടന്നത്. തീച്ചാമുണ്ഡിക്ക് പുറമെ വീരഭദ്രൻ, ഭദ്രകാളി തെയ്യങ്ങളും അരങ്ങുണർത്തി. മലബാർ പാരമ്പര്യ തെയ്യം കലാസമിതിയിലെ കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് തെയ്യം വേഷം അണിഞ്ഞത്. തുടർന്ന് ഗരുഢൻപറവയും ഉണ്ടായിരുന്നു. വൈകിട്ട് ആറാട്ടുപുറപ്പാട്, ആറാട്ട്, എതിരേല്പ്, ആറാട്ടുകഞ്ഞി പ്രസാദവിതരണം, കൊടിയിറക്ക്, ചുറ്റുവിളക്ക്, ഗരുഢൻപറവ എന്നിവയും നടന്നു.

പോണാടുകാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണ ഉത്സവഭാഗമായി പുണ്യപ്രസിദ്ധമായ ചൂട്ടുപടയണിയും നടന്നു. കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ഉത്സവപരിപാടികൾ ഭക്തിനിർഭരമായി.