
കോട്ടയം : വോട്ടെടുപ്പിന് ദിവസങ്ങളടുത്തതോടെ ലഭിക്കുന്ന വരവേൽപ്പിന്റെ ആവേശമാണ് മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടേയും പ്രതീക്ഷ വാനോളമുയർത്തുന്നത്. അവരവരുടെ ശക്തി കേന്ദ്രങ്ങളിലെ പര്യടനത്തിൽ ഇരുകൈയും നീട്ടിയാണ് വോട്ടർമാർ സ്വീകരിക്കുന്നത്.
ചാഴികാടന്റെ രണ്ടാംഘട്ട മണ്ഡല പര്യടനം ഇന്ന് മുതൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനെ കൊന്നപ്പൂക്കളും പഴങ്ങളും ഇളനീർക്കുലകളുമായി കോട്ടയം മണ്ഡലത്തിൽ സ്വീകരിച്ചത്. വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലായിരുന്നു ഇന്നലെ പര്യടനം. രണ്ടാംഘട്ട മണ്ഡല പര്യടനം ഇന്ന് നടക്കും. രാവിലെ 7.30ന് ഇലഞ്ഞി പഞ്ചായത്തിലെ ആലപുരം മടുക്കയിൽ നിന്നാണ് പര്യടനം തുടങ്ങുക. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പിറവം നഗരസഭ പ്രദേശങ്ങളിലും, പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലും കൂത്താട്ടുകുളം നഗരസഭയിലും പര്യടനം നടത്തും.
ജുഡീഷ്യൽ കോംപ്ലക്സ് പ്രാവർത്തികമാക്കും: തുഷാർ വെള്ളാപ്പള്ളി
ഏറെക്കാലമായി കോട്ടയത്ത് അഭിഭാഷകരുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും നീതി തേടിയെത്തുന്നവരുടെയും സ്വപ്നമായ ജുഡീഷ്യൽ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി അഭിഭാഷകരെ അറിയിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് നൽകിയ നിവേദനം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. കോട്ടയത്ത് സംഘടിപ്പിച്ച 'എമിനന്റ് ലായേഴ്സ് മീറ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ വൈകിട്ട് 4 ന് ഇറഞ്ഞാൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ടവർ സ്ഥാനാർത്ഥിയെ കാണാനും കേൾക്കാനുമെത്തി. റബർ വിലിയിടിവ്, കാർഷി കമേഖല നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ പരാമർശിച്ചായിരുന്നു തുഷാറിന്റെ ചെറു പ്രസംഗം.
ഓട്ടോയിലേറി ഫ്രാൻസിസ് ജോർജ്
തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിലായിരുന്നു കോട്ടയം മുതൽ ഏറ്റുമാനൂർ വരെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ റോഡ് ഷോ. നൂറുകണക്കിന് ഓട്ടോറിക്ഷകൾ അകമ്പടിയേകിയപ്പോൾ ഇത് കാണാനായി നിരവധിപ്പേരെത്തി. ഒപ്പം പ്രവർത്തകരും ആവേശം ഇരട്ടിച്ചു.