പാലാ: ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 5 മുതൽ വിഷുക്കണി ദർശനം നടക്കും.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിഷുമഹോത്സവത്തിനും വിഷുക്കൈനീട്ട വിതരണത്തിനും ഒരുക്കങ്ങളായി. വിഷുനാളിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഉമാമഹേശ്വരൻമാരുടെ കൈനീട്ടം ലഭിക്കും. ഉമാമഹേശ്വരൻമാരുടെ കൈനീട്ടമായി ലഭിക്കുന്ന നാണയം പേഴ്‌സിലോ ഗൃഹങ്ങളിലോ വ്യാപരസ്ഥാപനങ്ങളിലോ പവിത്രമായി സൂക്ഷിക്കുന്നത് അടുത്ത ഒരു വർഷക്കാലത്തേക്ക് വളരെ ഐശ്വര്യകരമാണെന്നാണ് വിശ്വാസം.
വിഷുനാളിൽ പുലർച്ചെ 5 ന് നടതുറപ്പും വിഷുക്കണി ദർശനവുമുണ്ട്. 7 ന് ഭക്തിഗാനമേള. തുടർന്ന് ശ്രീകോവിലിൽ മേൽശാന്തി രാജേഷ് വാസദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നാണയ പൂജ. തുടർന്ന് കൈനീട്ട വിതരണം. മുൻവർഷം കൈനീട്ടമായി ലഭിച്ച നാണയങ്ങൾ ഭക്തർ ക്ഷേത്രഭണ്ഡാരത്തിൽ തിരികെ സമർപ്പിക്കുകയും ചെയ്യും. വിഷുനാളിൽ ഓറഞ്ച്, ആപ്പിൾ, മുന്തിരി, അവൽ, മലർ, കൽക്കണ്ടം, ശർക്കര, ചെറുപഴം തുടങ്ങിയവ ചേർത്ത് മധുരഫല മഹാനിവേദ്യവും അവൽ നിവേദ്യവും ഭക്തർക്ക് വിതരണം ചെയ്യും. വിഷുപായസ വിതരണവുമുണ്ട്. ഇതിനായി മുൻകൂർ ബുക്ക് ചെയ്യണം. വൈകിട്ട് വിഷു വിളക്കും വിശേഷാൽ ദീപാരാധനയും നടക്കും. വിഷുനാളിൽ രാവിലെ 10.30 വരെ തിരുനട തുറന്നിരിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9745 260444.
കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ 5 ന് വിഷുക്കണി ദർശനവും കൈനീട്ട വിതരണവുമുണ്ട്. ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് ദേവീക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ പൂജകളോടെ വിഷുദിനാഘോഷം നടക്കും.
കിടങ്ങൂർ ശിവപുരം ശ്രീമഹാദേവക്ഷേത്രത്തിൽ നാളെ രാവിലെ 5.30 മുതൽ വിഷുക്കണി ദർശനവും കൈനീട്ടവിതരണവും നടക്കും.എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ശ്രീകോവിലിൽ പൂജിച്ച നാണയങ്ങൾ കൈനീട്ടമായി മേൽശാന്തി അനീഷ് വടക്കേടം വിതരണം ചെയ്യും.