പടിഞ്ഞാറൻ മേഖലയിൽ പാൽക്ഷാമം രൂക്ഷം
കുമരകം: വൻതോതിൽ കർഷകർ കാലിവളർത്തൽ ഉപേക്ഷിച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ ക്ഷീരോല്പാദക സഹകരണസംഘങ്ങളിൽ പാൽക്ഷാമം രൂക്ഷമായി. സംഘങ്ങളിലെ പാൽ സംഭരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മേഖലാ യൂണിയനുകൾ വേനൽകാല ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടും ഉല്പാദനത്തിൽ കാര്യമായ വർദ്ധനവ് നേടാനായിട്ടില്ല. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലായി ആറ് ക്ഷീരോല്പാദക സഹകരണസംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ആറ് ക്ഷീരോല്പാദക സഹകരണസംഘങ്ങളിലായി 23000 ലിറ്റർ പാൽ മാത്രമാണ് സംഭരിക്കാൻ കഴിഞ്ഞത്. 7000 ലിറ്റർ വടവാതൂർ ഡയറിയിലേയ്ക്ക് അയച്ചു. പ്രാദേശിക വില്പന പ്രകാരം 16000 ലിറ്റർ പാൽ സംഘങ്ങളിൽ നിന്നും ഉപദോക്താക്കൾ നേരിട്ട് വാങ്ങിയിട്ടുണ്ട്. വേനൽ കടുത്തതും പാൽ ഉത്പാദം കുറയാൻ കാരണമായി. ഇത് പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. പ്രാദേശിക വില്ലന കഴിഞ്ഞ് പലപ്പോഴും മിൽമ ഡയറിയിലേയ്ക്ക് പാൽ അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നും ക്ഷീരോല്പാദക സഹകരണസംഘങ്ങളുടെ പ്രതിനിധികൾ പറയുന്നു.
ചെലവ് കൂടി, പിന്നെ പിൻവാങ്ങി
കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില വർദ്ധിച്ചതോടെ കുമരകത്തെ ഉൾപ്പെടെ പകുതിയിലേറെ ക്ഷീരകർഷകർ കാലിവളർത്തലിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്. സംഘങ്ങളിൽ എത്തിക്കുന്ന പാലിന് ന്യായ വില ലഭിക്കാത്തും കർഷകരുടെ പിൻമാറ്റത്തിന് പ്രധാന കാരണമാണ്. തങ്ങൾക്ക് പ്രയോജനകരമായ പുതിയ പദ്ധതികളൊന്നും ഇല്ലെന്നും കർഷകർ പറയുന്നു. തീറ്റചെലവ് കണക്കിലെടുത്താൽ പശുവളർത്തൽ ആദായകരമല്ലെന്നും അവർ തുറന്നടിക്കുന്നു.
340 പശുക്കൾ
2019 - 20 ൽ നടന്ന സെൻസസ് പ്രകാരം സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണത്തിൽ 1.01 ശതമാനം വർദ്ധനവുണ്ടായി. എന്നാൽ കുമരകത്തെ കണക്കുകൾ പ്രകാരം 340 ഓളം പശുക്കൾ ഉണ്ടായിരുന്നത് പാതിയായി കുറഞ്ഞു.