
പൊൻകുന്നം: കണികാണാൻപോലുമില്ല വരിക്കച്ചക്ക. ചക്കയുടെ സീസണാണെങ്കിലും പതിവുപോലെ സുലഭമല്ല. ഇന്ന് ചക്ക വേണമെങ്കിൽ കടകളിൽനിന്ന് ചുളയെണ്ണി വാങ്ങേണ്ട അവസ്ഥയാണ്. എല്ലാവരും കാലാവസ്ഥയെ പഴിക്കുമ്പോൾ ചക്കയ്ക്ക് പൊന്നും വിലയാണ്. കടകളിൽനിന്നും ചക്ക വില കൊടുത്ത് വാങ്ങുന്ന പാരമ്പര്യം മലയാളിക്ക് പുതിയ അനുഭവംതന്നെ. മേടപ്പുലരിയിൽ വിഷുക്കണി ഒരുക്കാൻ വേണ്ട പ്രധാന വിഭവങ്ങളിൽ ഒന്നാണ് വരിക്കച്ചക്ക. വേണേൽ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴിയെ അന്വർത്ഥമാക്കുംവിധം പ്ലാവ് നിറയെ ചക്കയുള്ള കാലമാണ് മേടമാസം. എന്നാൽ ഇക്കുറി അങ്ങനെയല്ല.
കോവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽനിന്നും രക്ഷിച്ച മലയാളിയുടെ ഇഷ്ടഭക്ഷണത്തിന് ഇന്ന് കിലോയ്ക്ക് എൺപതു മുതൽ നൂറു രൂപ വരെയാണ് വില. ചക്ക ഒന്നായും മുറിച്ച് പീസുകളായും കടകളിൽ വില്പനയ്ക്കായി നിരത്തി വെച്ചിരിക്കുന്നത് കാണുമ്പോൾ പ്രായമായവർക്ക് അതിശയം. മീനം,മേടം മാസങ്ങളിൽ പ്ലാവിന്റെ ചുവട്ടിലൂടെ കടന്നുപോകുമ്പോൾ വീണുകിടക്കുന്ന ചക്കപ്പഴത്തിൽ ചവിട്ടി നടന്നുപോയിരുന്ന തലമുറ ഇന്നത്തെ കാഴ്ച കണ്ടാൽ എങ്ങനെ അദ്ഭുതപ്പെടാതിരിക്കും.
ചക്കയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. എന്നാൽ ആവശ്യത്തിന് ചക്ക കിട്ടാനില്ലാത്തതാണ് പ്രശ്നം. വില എത്രയായാലും വാങ്ങാൻ വരുന്നവർക്ക് പ്രശ്നമല്ല. നല്ല ചക്ക കിട്ടണം. പഴുത്തതിനേക്കാൾ ഡിമാന്റ് പച്ച ചക്കയ്ക്കാണ്. ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് വിഷുക്കാലത്താണ്. എന്നാൽ ഈ വിഷുവിന് സ്റ്റോക്കില്ലാത്തതിനാൽ കച്ചവടം കുറഞ്ഞു.
ശ്രീജിത്ത് പനക്കൽ, ചക്കവ്യാപാരി ഇളങ്ങുളം.