
കോട്ടയം: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി തോമസ് ചാഴികാടനെ സ്വീകരിച്ച് പാലാ. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന് ആളുകൾ സ്ഥാനാർത്ഥിക്ക് പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നാണ് സ്ഥാനാർത്ഥി യാത്രയാക്കിയത്. ഇന്നലെ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. വിഷു ദിനത്തിൽ പരസ്യ പ്രചാരണം ഒഴിവാക്കിയിട്ടുണ്ട്. നാളെ കോട്ടയം മണ്ഡലത്തിലാണ് പര്യടനം.
തുഷാറിനായി യുവമോർച്ച
എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ടൗണിൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ വോട്ട് അഭ്യർത്ഥന നടത്തി. സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിപ്പിച്ച പ്ളക്കാർഡുകളഉം ബലൂണുകളും വർണാഭമാക്കി. പുതുപ്പള്ളി മണ്ഡലം പഞ്ചായത്ത് പൂർവ സ്ഥാനാർഥി സംഗമം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പി. സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
വോട്ടോറിക്ഷയിൽ ഫ്രാൻസിസ്
പാലാ മണ്ഡലത്തിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ഇന്നലെ നടത്തിയ വാഹന പര്യടനത്തിന് വൻ സ്വീകരണം. ചിഹ്നമായ ഓട്ടോറിക്ഷയുടെ അകമ്പടിയിലായിരുന്നു യാത്ര. ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയ കലാജാഥ പര്യടനത്തിന് മാറ്റു കൂട്ടി.