
പള്ളിക്കത്തോട്: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുമെന്നാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വാട്ടർഅതോറിട്ടിയും പറയുന്നത്.എന്നാൽ പദ്ധതി നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ മറ്റൊന്നാണ് അവസ്ഥ. ഏതുവഴിയേ പോയാലും പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് കാണാം. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തിലാണ് വീടുകളിലെത്താതെ കുടിവെള്ളം പഴായിപോകുന്നത്. മണിമല കുടിവെള്ളപദ്ധതിയിലൂടെയാണ് പഞ്ചായത്തിൽ വെള്ളമെത്തുന്നത്.എല്ലാ വീടുകളിലും പൈപ്പ്കണക്ഷൻ എത്തിയിട്ടില്ല. എത്തിയ വീടുകളിലാകട്ടെ കണക്ഷൻ വീട്ടിലും വെള്ളം റോഡിലും എന്ന അവസ്ഥയാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വെള്ളം പമ്പ് ചെയ്യുന്നത്. അതിനും കൃത്യതയില്ല.
അറിയിച്ചിട്ട് എന്തുകാര്യം
പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ്‌പൊട്ടി പാഴായിപോകുന്ന കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും പ്രയോജനമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കിയാൽ തന്നെ തൊട്ടടുത്തഭാഗം വീണ്ടും പൊട്ടുന്നതാണ് പതിവ്. ചല്ലോലി,കയ്യൂരി,ഇളമ്പള്ളി ഭാഗങ്ങളിലാണ് വെള്ളം ഏറെയും പാഴായിപോകുന്നത്.