b

ചങ്ങനാശേരി: ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊളിച്ചു നീക്കിയ ഗുഡ്സ് ഷെഡും നിർത്തലാക്കിയ ചരക്ക് ട്രെയിനുകളുടെ സ്റ്റോപ്പും തിരികെയെത്തുമോ?. ചങ്ങനാശേരിയുടെ വ്യാപാരമേഖലയ്ക്ക് കനത്ത പ്രഹരമേല്പിച്ചാണ് റെയിൽവേ ഗുഡ്‌സ് ഷെഡ് ഇവിടെനിന്ന് പൊളിച്ചു നീക്കിയത്. ഗുഡ്‌സ് ട്രെയിനുകൾക്ക് സ്റ്റോപ്പും ഇല്ലാതെയായി. ഇതോടെ വ്യാപാരികൾക്ക് ഗുഡ്‌സ് വാഗണുകൾ ചങ്ങനാശേരിയിലേക്ക് ബുക്ക് ചെയ്യാൻ പറ്റാതെയായി. ചങ്ങനാശേരിയിൽ നേരത്തെ ഗുഡ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. ട്രെയിനുകളുടെ ടൈമിംഗ് സംബന്ധിച്ച കർശന നിർദേശങ്ങളും ഗു‍ഡ്സ് ട്രെയിനുകൾക്കു പ്രത്യേക ട്രാക്ക് ഇല്ലാതെ വരികയും ചെയ്തതോടെയാണ് ഇത് നിലച്ചത്. നാലാം ട്രാക്കിൽ നിലവിൽ ഗുഡ്സ് ട്രെയിനുകൾ നിർത്തുന്നതിനുള്ള സാഹചര്യവും പ്ലാറ്റ്ഫോമിൽ മതിയായ സൗകര്യങ്ങളും ഉണ്ട്. കോട്ടയം സ്റ്റേഷനിൽ നി‍ർമ്മാണം നടന്നപ്പോൾ ഗുഡ്സ് ട്രെയിനുകൾ നിർത്താൻ റെയിൽവേ ചങ്ങനാശേരി സ്റ്റേഷനെ പരിഗണിച്ചിരുന്നു. 90 കളിൽ ചങ്ങനാശേരിയിലെ വിവിധ വ്യാപാരികൾ ഗോതമ്പ്, അരി, മൈദ ഉൾപ്പടെയുള്ളവ ഇന്ത്യൻ റെയിൽവേ ഗുഡ്‌സ് വാഗണുകൾ വഴി ചങ്ങനാശേരി റെയിൽവെസ്റ്റേഷനിൽ എത്തിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. കമ്പി, സിമന്റ്, മെറ്റൽ എന്നിവ വലിയതോതിൽ ചങ്ങനാശേരിയിലെ വ്യാപാരികൾക്കായ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റെയിൽവേ വഴി എത്തിയിരുന്നു. വാഗണുകളിൽ നിന്ന് ലോഡുകൾ ഗുഡ്സ് ഷെഡിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യാനുസരണം വ്യാപാരത്തിനായി കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ 90കളുടെ അവസാനത്തോടെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ ചങ്ങനാശേരിയിലെ ഗുഡ്സ് ഷെഡ് പൊളിച്ചു നീക്കി. ചരക്കു ട്രെയിനുകളുടെ സ്റ്റോപ്പ് തിരുവല്ലയിലേക്കും മാറ്റി. അതോടെ വ്യാപാരികൾ പലരും ചങ്ങനാശേരി ഉപേക്ഷിച്ചു തിരുവല്ലയിലേക്ക് വ്യാപാരം കേന്ദ്രീകരിച്ചു. റെയിൽവേയുടെ ഈ നടപടിയിലൂടെ ചങ്ങനാശേരിയിലെ തൊഴിലാളികൾക്ക് തങ്ങളുടെ വരുമാനത്തിന്റെ വലിയ ഒരു പങ്ക് ആണ് നിലച്ചത്.

ചങ്ങനാശേരിയുടെ വ്യാപാര മേഖലയ്ക്ക് വലിയ തളർച്ച നൽകിയ ഒരു തീരുമാനമായിരുന്നു ഗുഡ്സ് ഷെഡ് ഇവിടെ നിന്ന് നീക്കം ചെയ്തത്. ഞങ്ങളൊക്കെ വാഗണുകളിൽ വലിയതോതിൽ സാധനങ്ങൾ എത്തിച്ചു വ്യാപാരം നടത്തിയിരുന്നു. എന്നാൽ തിരുവല്ലയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടിംഗ് ചിലവ് താങ്ങാൻ പറ്റാതെ ആയതോടെ അത്തരം വ്യാപാര മാർഗങ്ങൾ ഒക്കെ നിലച്ചു.

സാംസൺ വലിയപറമ്പിൽ (വ്യാപാരി)