
വൈക്കം: സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാർത്ഥികൾ മാതൃകയായി. ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ മഹാദേവ കോളേജ് എൻ.എസ്.എസ് യൂണിറ്റാണ് ഭവന നിർമ്മാണത്തിന്റെ ചുമതല നിർവഹിച്ചത്. ശ്രീ മഹാദേവ കോളേജ്, ഐ.ടി.ഇ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരെല്ലാം ഭവന നിർമ്മാണത്തിനായി സഹകരിച്ചു.
കയറിക്കിടക്കാൻ സുരക്ഷിതമായ ഭവനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥിനി ആദിത്യയും കുടുംബവും. ചാക്കും സാരിയും ഉപയോഗിച്ച് മറച്ചിരുന്ന കുടിലിൽ നിന്നും അടച്ചുറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് സഹപാഠിയെ താമസിപ്പിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തിലാണ് വിദ്യാർത്ഥികൾ.
പുതിയ ഭവനത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് ശ്രീ മഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും കോളേജ് ഡയറക്ടറുമായ പി.ജി.എം നായർ കാരിക്കോട് വീടിന്റെ താക്കോൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൗമ്യ എച്ചിന് കൈമാറി. കോളേജ് വൈസ് പ്രിൻസിപ്പൽ പി.കെ നിധിയ അധ്യക്ഷത വഹിച്ചു. മാനേജർ ബി മായ, സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി ചന്ദ്രശേഖർ, ബിച്ചു എസ് നായർ, സ്‌നേഹ എസ് പണിക്കർ, മാനിഷ കെ ലത്തീഫ്, ഓം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ആദർശ് എം നായർ, ശില്പി അനിൽ, ജനമൈത്രി പൊലീസ് ഓഫീസർ സന്തോഷ് കുമാർ, ജ്യോതി പി.ആർ, അംഗിത ജി. നായർ, ആദിത്യൻ കെ.ആർ, ആഷ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. ആറര ലക്ഷം രൂപ മുടക്കിയാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്.