പാലാ: ഏഴാച്ചേരിയിൽ സ്ത്രീയുൾപ്പെടെ 6 പേർക്ക് വെട്ടേറ്റു. 2 പേരുടെ നില ഗുരുതരം. പ്രതികളായ അച്ഛനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു.
കുന്നത്തിനാട്ട് വിഷ്ണു വിനോദ് (18), അമ്മ സൗമ്യ (39), കാഞ്ഞിരത്താംകുന്നേൽ ബിനുമോൻ (29), രാമപുരം മൈലപ്പറമ്പിൽ സച്ചിൻ രാജേഷ് (18), രാമപുരം സ്വദേശികളായ ജീമോൻ ജോയ് (18), റെജി (19) എന്നിവർക്കാണ് കറിക്കത്തികൊണ്ടുള്ള വെട്ടേറ്റത്. വിഷുനാളിൽ വൈകിട്ടായിരുന്നു സംഭവം. മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഏഴാച്ചേരി കൊടൂർ സിജുവിനെയും (50), പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് കേസ്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ബിനുമോൻ, സച്ചിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാമപുരം സി.ഐ. ഉണ്ണികൃഷ്ണൻ, എസ്.ഐ. റോജി ജോർജ്ജ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി. ഇന്നലെ പാലാ കോടതിയിൽ ഹാജരാക്കി. ആക്രമണമുണ്ടായ മേഖലയിൽ കഞ്ചാവ് മയക്കുമരുന്ന് മദ്യപ സംഘങ്ങളുടെ വിളയാട്ടം പതിവാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് രാമപുരം പൊലീസ് പറഞ്ഞു.