ganga

പാലാ: ''എനിക്ക് ഗുരുവിനെപ്പോലെ ലോകമറിയുന്ന വയലിനിസ്റ്റാകണം, ഒപ്പം ശാസ്ത്രജ്ഞയും...'' ഭരണങ്ങാനത്തപ്പന്റെ സന്നിധിയിൽ ഇരുന്ന് ആഗ്രഹം പറയുമ്പോൾ ഗംഗക്കുട്ടിയുടെ വാക്കുകളിൽ കൊഞ്ചലിനപ്പുറം നിശ്ചയദാർഢ്യം. അറിയാത്തവരില്ലല്ലോ ഈ ഗംഗക്കുട്ടിയെ...? വയലിൻതന്ത്രികളിലൂടെ സംഗീതത്തിന്റെ ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന പത്തുവയസ്സുകാരിയെ. ഏഴ് മാസം മുമ്പാണ് ഗംഗാ ശശിധരൻ എന്ന വയലിൻ വിസ്മയം മലയാളികളുടെ മനസിൽ സംഗീത സന്തോഷവുമായി കയറിപ്പറ്റിയത്. കഴിഞ്ഞ ഒക്‌ടോബർ അവസാനം ഗുരു സി.എസ്. അനുരൂപിനൊപ്പം ഗുരുവായൂർ ഏകാദശി വിളക്കിന് വയലിനിൽ സംഗീതമഴയൊരുക്കി ഗംഗക്കുട്ടിയും വയലിൻകച്ചേരിയും വൈറലായി. കഴിഞ്ഞ ഏഴ് മാസത്തിനിടെ നൂറോളം വേദികളിലാണ് തൃശ്ശൂർ ആകാശവാണി ആർട്ടിസ്റ്റ് കൂടിയായ ഗുരു വയലിൻ വിദ്യാൻ സി.എസ്. അനുരൂപിനൊപ്പം ഗംഗ ശശിധരൻ കച്ചേരി നടത്തിയത്.

മലപ്പുറം വെളിയംകോട് അയിരൂർ എ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഗംഗമോൾ നാലര വയസുമുതലാണ് വയലിൻ പഠനം ആരംഭിച്ചത്. ദുബായിൽ ബിസിനസുകാരനായ കുമ്മിൽ ശശിധരൻ കൃഷ്ണവേണി ദമ്പതികളുടെ ഇളയമകളാണ്. ചേട്ടൻ മഹേശ്വർ പ്ലസ് ടു വിദ്യാർത്ഥി.

വിഷുസന്ധ്യയിൽ ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ രണ്ട് മണിക്കൂറോളം വയലിൻ വിസ്മയം ഒരുക്കിയ ഗംഗക്കുട്ടിയെ ക്ഷേത്രഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു. ഗംഗയുടെ കച്ചേരി കാണാൻ വൻജനാവലിയുമെത്തിയിരുന്നു. തലനാട് മനു മൃദംഗത്തിലും മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും തൃപ്പൂണിത്തുറ ശ്രീകുമാർ തകിലിലും വൈക്കം വിജയകുമാർ ഓർഗനിലും ചേർത്തല സുനിൽ റിഥം പാഡിലും ഗംഗക്കുട്ടിക്ക് അകമ്പടിയായി.

രണ്ട് വർഷം മുമ്പുവരെ ഗുരുവായൂരിലായിരുന്ന ഗംഗക്കുട്ടിയും കുടുംബവും. ഇപ്പോൾ മലപ്പുറം വെളിയംകോട്ടാണ് താമസം.