
കോട്ടയം: വോട്ടെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കേ ഈസ്റ്റർ വിഷു അവധി ആലസ്യം കഴിഞ്ഞു പ്രമുഖ സ്ഥാനാർത്ഥികൾ സ്വീകരണമേറ്റുവാങ്ങി മണ്ഡലപര്യടനത്തിനിറങ്ങിയതോടെ പോരാട്ടം മുറുകി.
ബി.ജെ.പിയിൽ ചേരാൻ പ്രേരണ മോദിയുടെ വികസന പ്രവർത്തനങ്ങൾ പത്മജ
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബി.ജെ.പിയിൽ ചേരാൻ പ്രേരണയായതെന്നു പത്മജ വേണുഗോപാൽ. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തലപ്പലത്ത് കുടുംബസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയെയും ഒന്നു പരീക്ഷിക്കാൻ തയാറാകണമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ബ്രിക്‌സൺ മല്ലികശേരി എന്നിവർ പ്രസംഗിച്ചു.
നഗരഹൃദയം കീഴടക്കി തോമസ് ചാഴികാടൻ
കോട്ടയം: തോമസ് ചാഴികാടൻ ഇന്നലെ കോട്ടയം നഗരസഭാ പരിധിയിൽ പ്രചാരണം നടത്തി. ഓരോ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത് നിരവധി ആളുകളാണ്. ഇലക്ഷൻ കമ്മറ്റി ചെയർമാൻ കെ.അനിൽകുമാർ പര്യടനം ഉദ്ഘാടനം ചെയ്തു.
രാത്രി വൈകി തിരുവാതുക്കലിൽ പര്യടനം സമാപിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ഇന്ന് പൂർത്തീകരിക്കും. മന്ത്രി വി.എൻ വാസവനും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും കുടുംബസമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
യു ഡി എഫ് കുടുംബസംഗമം ഇന്ന് അതിരമ്പുഴയിൽ
കോട്ടയം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് രാത്രി 8ന് അതിരമ്പുഴയിൽ നടത്തുന്ന കുടുംബസംഗമം മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ , കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് ,
മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, റഫീഖ് മണിമലയിൽ, അസീസ് കുമാരനെല്ലൂർ തുടങ്ങിയവർ പങ്കെടുക്കും.