
വൈക്കം: മക്കളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി രണ്ട് വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകാൻ അദ്ധ്യാപകർ.
പുത്തോട്ട കെ.പി.എം.എച്ച്.എസിലെ ഹൈസ്‌ക്കൂൾ അദ്ധ്യാപകരായ എ.കെ. സിന്ധുവും ഒ.രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തിലെ ആഡംബരമൊഴിവാക്കി സ്വന്തം സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് വീടു നിർമ്മിച്ചു നൽകുന്നത്.
വിവാഹ സൽക്കാരത്തിനായി ഇരു കുടുംബങ്ങളും നീക്കിവച്ച 10 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് വീട് നിർമ്മിച്ചു നൽകുക. വിവാഹിതരാകാൻ പോകുന്ന സിന്ധുവിന്റെ മകൻ അരവിന്ദ് കൃഷ്ണയും രജിതയുടെ മകൾ അമൃത ലക്ഷ്മിയും ബന്ധുക്കളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചതോടെ തനിച്ചു വീട് നിർമ്മിക്കാൻ പ്രാപ്തിയില്ലാത്ത രണ്ട് നിർദ്ധന കുടുംബങ്ങളുടെ തല ചായ്ക്കാൻ ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകുമെന്നായി. സ്‌കൂൾ അധികൃതർ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വൈക്കം ചെമ്പ് പഞ്ചായത്തിലെ അർഹരായ രണ്ട് കുടുംബങ്ങളെ കണ്ടെത്തി. കാട്ടിക്കുന്ന് മകരംപേരിൽ ഇന്ദുവിനും പനങ്ങാവ് ഷൺമുഖവിലാസത്തിൽ ഷൈബുവിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇന്ദുവിന്റെ മകൻ ഇലനും ഷൈബുവിന്റെ മകൻ മിഥുനും പൂത്തോട്ട കെ.പി.എം എച്ച്.എസിലെ വിദ്യാർത്ഥികളാണ്. വിധവയായ ഇന്ദു 12 വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. എറണാകുളത്ത് ഫ്‌ളാറ്റിൽ ശുചീകരണ ജോലിയിൽ ചെയ്താണിവർ കുടുംബം പുലർത്തുന്നത്. അസുഖ ബാധിതനായി പണിക്ക് പോകാനാവാത്ത സ്ഥിതിയിലായ ഷൈബുവിനും ഭാര്യ വിനിത രണ്ട് മക്കളും പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സിന്ധുടീച്ചറുടെ ഭർത്താവ് പൂത്തോട്ട ഉണ്ണികൃഷ്ണ ഭവനിൽ എ.ഡി. ഉണ്ണികൃഷ്ണൻ പൂത്തോട്ട എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റാണ്. ഇവരുടെ മകൻ അരവിന്ദ് യു കൃഷ്ണയും ഒ.രജിതയുടേയും പൂത്തോട്ട തേജസിൽ ഡോ. എസ്. ആർ. സജീവന്റെയും മകൾ അമൃത ലക്ഷ്മിയുമായുള്ള വിവാഹം നവംബർ 11 നാണ് നടക്കുന്നത്. കളമശേരി ഐ. ടി.ഐ അഡ്വാൻസ്ഡ് വോക്കേഷണൽ ട്രയിനിംഗ് സിസ്റ്റം പ്രിൻസിപ്പലാണ് ഡോ. എസ്. ആർ. സജീവ്. ബി.ടെക് ,എം.ബി.എ ബിരുദധാരിയായ അരവിന്ദ് ഇവൈ എന്ന മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അമൃത ലക്ഷ്മി ഫാക്ടിൽ ജോലി ചെയ്യുന്നു. ശിവഗിരിയിൽ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹ ചടങ്ങ്. വിവാഹത്തിന്റെ പിറ്റേന്ന് വധുവരൻമാർ ഭവനങ്ങളുടെ താക്കോൽ കൈമാറും
ഇരു വീടുകളുടേയും ശിലാസ്ഥാപനം ഇന്നലെ നടന്നു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ അമൽരാജ്, കാട്ടിക്കുന്ന് എസ്.എൻ.ഡി.പി പ്രസിഡന്റ് പവിത്രൻ, സെക്രട്ടറി ബിജു പൂത്തോട്ട, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അരുൺ കാന്ത്, വൈസ് പ്രസിഡൻ് അനില ടീച്ചർ, ഇ.എൻ മണിയപ്പൻ, മാന്നാർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.പി.കേശവൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.എൻ. മോഹനൻ, ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് , പി.ടി.എ അംഗം വി.എച്ച് സുനേഷ്, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
പൂത്തോട്ട കെ.പി.എം.എച്ച്എസ്സിലെ അദ്ധ്യാപകരായ സിന്ധുവും രജിതയും മിഥുൻ ഷൈബുവിന്റെ വീടിന്റെ ശിലാസ്ഥാപനം നടത്തുന്നു.