
വൈക്കം.ആചാരനിറവിൽ അരിയേറിന് ശേഷം ക്ഷേത്രനടയടച്ച് മൂത്തേടത്ത് കാവ് ഭഗവതി പാണ്ഡ്യദേശത്തേക്ക് യാത്രയായി. വിഷു നാളിൽ അർദ്ധരാത്രിയിൽ നടക്കുന്ന അരിയേറിന് ശേഷം മൂത്തേടത്ത് കാവിലമ്മ കണ്ണകി ദേവിയായി ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായാണ് വിശ്വാസം. മധുരപുരിയിൽ മലയാളത്തമ്മയെ വരവേൽക്കുന്ന ചടങ്ങും നിലവിലുണ്ട്.
മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് കണ്ണകി ദേവി കാവിലമ്മയായി തിരിച്ചെഴുന്നള്ളുന്നതോടെ പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും.
വിഷുക്കണി ദർശനത്തോടെ ആരംഭിച്ച ചടങ്ങുകൾ അരിയേറോടെ സമാപിച്ചു. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് പഞ്ചവർണ്ണ പൊടികളാൽ വേതാളത്തിന്റെ പുറത്തിരിക്കുന്ന ദേവിയുടെ കളം എഴുതി അനുഷ്ഠാന വാദ്യങ്ങളോടെ തോറ്റം പാട്ട് നടത്തി. കളത്തിൽ വച്ചൊരുക്ക് പൂർത്തിയാക്കി കളം പൂജയും തിരിയുഴിച്ചിലും നടത്തിയതോടെ വിൽപ്പാട്ടും കളം പാട്ടും നടന്നു.
അത്താഴ പൂജക്ക് അരിയളന്നതോടെ രണ്ടായി പകുത്ത നാളികേരത്തിൽ ദീപം തെളിയിച്ച് കൊടിമര ചുവട്ടിൽ ഭക്തർ സമർപ്പിച്ച നാളികേരത്തിലേക്ക് അഗ്‌നി പകർന്നു. മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമായി നടത്തുന്ന എരിതേങ്ങയിൽ ആയിരക്കണക്കിന് നാളികേരം എരിഞ്ഞമർന്നു.
കൊടുംകാളിക്കായി വലിയ ഗുരുതി സമർപ്പിച്ച് ചെമ്പ് കമഴ്ത്തി എരിതേങ്ങയിൽ തീർത്ഥജലം തളിച്ചതോടെ എരി തേങ്ങ സമർപ്പണം പൂർത്തിയായി.
പറ താളവും മറ്റു താളമേളങ്ങളും സ്തുതി ഗീതങ്ങളും ഉയർന്ന് ഉച്ചസ്ഥായിൽ എത്തിയപ്പോൾ ചടുലമായ നൃത്ത ചുവടുകളുമായി ഭയാനകമായ വീരഭാവത്തിൽ കൈയ്യിൽ കടുത്തിലയുമായി ഉറഞ്ഞാടിയ തീയാട്ട് ഉണ്ണി കളം മായ്ക്കുകയും ക്ഷേത്രത്തിന് വലം വച്ച് ശ്രീകോവിലിലേക്ക് മൂന്നു പ്രാവശ്യം അരിയേറ് നടത്തിയതോടെ ചടങ്ങുകൾ പൂർത്തിയായി.
കാലപ്പഴക്കത്താൽ ജീർണ്ണിച്ചുപോയ കരിമ്പനകൾക്ക് പകരമായി ക്ഷേത്രത്തിലെ യക്ഷിക്കാവിന് സമീപം കരിമ്പനകൾ നട്ടു. മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെ ഐതീഹ്യങ്ങളെ പറ്റി പ്രതിപാദിക്കുന്ന ലക്ഷ്മി പ്രമോദ് എഴുതിയ പുസ്തകത്തിന്റെ പ്രകാശന കർമവും ക്ഷേത്രത്തിൽ നടന്നു.