s

 റബർ വില ഉയർത്തുക മുഖ്യ അജൻഡ

 കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യം

 എൻ.ഡി.എ ആറു സീറ്റിൽ ജയിക്കും

 മറ്റെവിടെയായാലും രാഹുൽ തോൽക്കും

കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

 പ്രചാരണം അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ കേരളത്തിൽ എൻ.ഡി.എ യുടെ ജയപ്രതീക്ഷ എങ്ങനെ?

കോട്ടയം ഉൾപ്പെടെ ആറു സീറ്റിൽ ജയിക്കും. നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് കേരളത്തിലെ ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടു. എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്താലും കേന്ദ്രത്തിൽ അവർ ഒന്നാണ്. സമഗ്ര വികസനത്തിന് കേരളത്തിലും എൻ.ഡി.എ അധികാരത്തിൽ വരേണ്ടതുണ്ട്.

 സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം ഉൾപ്പെടെയുള്ള വിവാദങ്ങളെ എങ്ങനെ കാണുന്നു?

അതിലെന്താണ് തെറ്റ്. സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അനാവശ്യ വിവാദങ്ങൾ കൊണ്ടുവരുന്നത് മാദ്ധ്യമങ്ങളാണ്. എൻ.ഡി.എ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന പൊതുധാരണ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ എന്ത് ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്?​ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോയൊരു സർക്കാരാണിത്. രാജ്യത്തിന്റെ സുരക്ഷ മുൻ നിറുത്തിയുള്ള ശക്തമായ നിലപാടുകളെടുക്കുക മാത്രമാണ് ചെയ്തത്. അതിൽ തീവ്രവാദ ശക്തികൾക്ക് വേദനയുണ്ടായിക്കാണും.

 പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കേണ്ടതായിരുന്നില്ലേ?

മണിപ്പൂരിലേത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ്. ഇക്കാര്യം ബിഷപ്പുമാർ വരെ പറഞ്ഞിട്ടുണ്ട്. ഏക പക്ഷീയമായി ക്രിസ്ത്യൻ വിഭാഗങ്ങളെ കൊന്നൊടുക്കിയെന്നതാണ് ഏറ്റവും വലിയ നുണപ്രചാരണം. പ്രധാനമന്ത്രി നേരിട്ട് പോയിരുന്നെങ്കിൽ ലോകം മുഴുവൻ ഇക്കാര്യം അറിയുകയും ചർച്ച ചെയ്യുകയും ചെയ്തേനേ. ഇത് രാജ്യത്തേക്കുള്ള വിദേശ നിക്ഷേപങ്ങളെ സാരമായി ബാധിക്കും. അതിനാലാണ് പ്രധാനമന്ത്രിക്കു പകരം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെത്തിയത്.

 കേരളാ സ്റ്റോറിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് നിലപാട് അങ്ങ് ആവർത്തിച്ചല്ലോ....?​

ലൗ ജിഹാദ് യാഥാർത്ഥ്യമല്ലേ? എനിക്ക് നേരിട്ട് അറിയാവുന്ന ഒരുപാട് സംഭവങ്ങളുണ്ട്. എത്രയോ കുടുംബങ്ങളുടെ കണ്ണീർ കണ്ടിട്ടുണ്ട്. ഇതിനു പിന്നിൽ ചെറിയൊരു ശതമാനം തീവ്രവാദ ശക്തികളാണ്. ഭൂരിപക്ഷം വരുന്ന മുസ്ളീം സമുദായത്തിന് അവരുടെ നിലപാടുകളോടു യോജിപ്പില്ല. എന്നാൽ ഇടത്- വലത് മുന്നണികൾ ഈ തീവ്രവാദ ശക്തികളെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. തീവ്രവാദ ശക്തികളെക്കുറിച്ച് പറഞ്ഞാൽ മുസ്ളീങ്ങളെ അടച്ചു പറഞ്ഞതാണെന്ന് ഇവർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു. പി.ഡി.പിയുടെ നേതാവിന്റെ മുൻ പ്രസംഗങ്ങൾ എത്രമാത്രം വിഷലിപ്തമാണ്! അവരുടെ പിന്തുണ വരെ ഇടതു മുന്നണിക്ക് ലഭിച്ചിരിക്കുന്നു. സത്യം പറഞ്ഞാൽ ഈ ചെറിയ വിഭാഗം തീവ്രവാദികൾ കാരണം സമുദായം ഒന്നടങ്കമാണ് ദുരിതം അനുഭവിക്കുന്നത്.

 സമുദായ നേതാവ് എന്ന പ്രതിച്ഛായ തിരഞ്ഞെടുപ്പിൽ ദോഷകരമാകുമോ?

രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പുതന്നെ സമുദായ പ്രവർത്തകനായതിനാൽ എല്ലാ മത, സാമുദായിക, രാഷ്ട്രീയ നേതാക്കളുമായും വ്യക്തിബന്ധമുണ്ട്. ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദു സമുദായ നേതാക്കളുമായും ബിഷപ്പുമാരുമായും മുസ്ളീം മത പുരോഹിതന്മാരുമായും അടുപ്പമുണ്ട്. ഞാൻ ജയിച്ചാൽ അവരുടെ ആവശ്യങ്ങൾ എന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ വ്യക്തിബന്ധം തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യും.

 രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എങ്ങനെയാണ് കാണുന്നത്?

മുസ്ളീം ലീഗിന്റെ വോട്ട് കിട്ടിയാലേ രാഹുൽ ഗാന്ധി ജയിക്കൂ. അതിനാണ് ലീഗിനു സ്വാധീനമുള്ള വയനാട്ടിൽ വീണ്ടും മത്സരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിൽ രാഹുൽ മത്സരിച്ചാൽ ജയിക്കില്ലെന്ന് അവർക്കറിയാം.

 മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ വിഷയം പൗരത്വ ഭേദഗതി നിയമം (സി.എ.എ)​ ആണല്ലോ?

അതല്ലാതെ വേറെ എന്തെങ്കിലും പറയാൻ വേണ്ടേ?​ അഴിമതിയില്ലാതെ,​ ലോകത്തിനു മുന്നിൽ തലയെടുപ്പോടെ രാജ്യം നിന്നത് മോദിയുടെ ഭരണത്തിലാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ആവശ്യമാണ്. സി.എ.എ നടപ്പാകുമ്പോൾ ഒരു മുസ്ളീമിന്റെ പോലും പൗരത്വം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ലല്ലോ! പക്ഷേ, വോട്ടിനു വേണ്ടി അനാവശ്യ ഭീതി സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ശ്രമമാണ്. മുത്തലാക്ക് നിരോധിച്ചപ്പോൾ അതിന്റെ പ്രയോജനം ലഭിച്ചത് പാവപ്പെട്ട മുസ്ളീം സഹോദരിമാർക്കല്ലേ?​ എന്നാൽ സി.പി.എം എന്തു നിലപാടാണ് എടുത്തതെന്ന് അറിയാമല്ലോ. സി.എ.എ നടപ്പാക്കില്ലെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് പരിഹാസ്യമല്ലേ?​ ഇതേ പോലെയാണ് സി.പി.എം ജനങ്ങളെ പറ്റിക്കുന്നത്.

 കോട്ടയം മണ്ഡലത്തിലെ വികസന വിഷയങ്ങൾ പഠിച്ചോ?​

റബർ വില ഉയർത്തുകയെന്നതാണ് മുഖ്യ അജൻഡ. ഇക്കാര്യം പ്രധാനമന്ത്രിയുമായും മന്ത്രി പീയൂഷ് ഗോയലുമായും ചർച്ച നടത്തി ഉറപ്പു വാങ്ങിയിട്ടുണ്ട്. കുമരകത്ത് ടൂറിസം മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തേണ്ടതുണ്ട്. പൗരപ്രമുഖരെ നേരിൽക്കണ്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്താണ് പ്രചാരണം.