
കോട്ടയം: പരസ്യപ്രചാരണത്തിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കേ മണ്ഡലം ഇളക്കിമറിക്കാൻ വി.ഐ.പി പടകളെത്തും. യു.ഡി.എഫ് രാഹുൽഗാന്ധിയെ കളത്തിലിറക്കുമ്പോൾ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാറിനായി പ്രചാരണത്തിനെത്തും. സുഭാഷണി അലി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ തോമസ് ചാഴികാടന് വേണ്ടി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കും.
അവസാനലാപ്പിലെ കുതിപ്പിന് ഊർജ്ജം പകരുകയാണ് പടനായകരുടെ ലക്ഷ്യം. പരസ്പരം കരുത്തറിയിച്ചും വോട്ടർമാരുടെ കരംപിടിക്കാനുള്ള അവസാന അടവ്. കോട്ടയത്ത് ഘടകകക്ഷികൾ തമ്മിലാണ് മത്സരമെന്നതിനാൽ ദേശീയ നേതാക്കൾ മറ്റു മണ്ഡലങ്ങൾക്ക് നൽകുന്ന പ്രധാന്യം കോട്ടയത്തിന് കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരമാവും. യു.ഡി.എഫിനായി രാഹുൽ ഗാന്ധി 18നു കോട്ടയത്തെത്തുന്നുണ്ട്. തിരുനക്കര ബസ് സ്റ്റാന്റ് മൈതാനിയിൽ വൈകിട്ട് അഞ്ചിനാണ് സമ്മേളനം. അവസാനഘട്ടത്തിൽ പ്രിയങ്കാ ഗാന്ധിയെ എത്തിക്കാനും യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വി.ഡി.സതീശനും ചെന്നിത്തലയും എം.എം.ഹസനും വന്നുപോയിരുന്നു.
നദ്ദയുടെ റോഡ് ഷോ
19ന് എത്തുന്ന നദ്ദ തിരുനക്കരയിലേയ്ക്ക് തുഷാറിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. ദേശീയ അദ്ധ്യക്ഷനെ സ്വീകരിക്കാൻ വിപുലമായ സംവിധാനങ്ങളാണ് എൻ.ഡി.ഒ ഒരുക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ മണ്ഡലത്തിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരണമെന്ന ആഗ്രഹം നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്. റബർ വിഷയം വീണ്ടും കത്തിക്കാൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലും എത്തിയയേക്കുമെന്നാണ് സൂചന. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തപൻ സെൻ എന്നിവർ മണ്ഡലത്തിലെത്തുന്നുണ്ട്. സീതാറാം യെച്ചൂരി പത്തനംതിട്ട മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളിയിൽ പ്രസംഗിക്കുന്നുണ്ട്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും മണ്ഡലത്തിൽ എത്തിയേക്കും.