block

പാലാ: സിവിൽ സ്റ്റേഷന് മുൻവശത്തെ ഗതാഗതക്കുരുക്കിനെക്കുറിച്ച് ഇന്നലെ ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്ത വാർത്ത പൊതുസമൂഹത്തിൽ വ്യാപക ചർച്ചയായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ഗൗരവപരമായ ഇടപെടലാണ് നടത്തിയത്.

ട്രാഫിക് പൊലീസിന്റെ എണ്ണക്കുറവാണ് ഗതാഗത നിയന്ത്രണത്തിന് തടസം സൃഷ്ടിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നേരത്തെ ഒൻപത് ഹോംഗാർഡുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലായിൽ ഇപ്പോഴുളളത് ഒരേയൊരാൾ മാത്രം. ഇരുപത്തഞ്ച് വർഷം പൊലീസായി സർവീസ് പൂർത്തിയാക്കിയവർക്കെല്ലാം എസ്.ഐ.മാരായി പ്രമോഷൻ ലഭിച്ചതോടെ വഴിയിൽ നിൽക്കാൻ പൊലീസില്ലാത്ത അവസ്ഥ.

ഇതേ സമയം ട്രാഫിക്കിലേക്ക് ജോലി ചെയ്യാൻ താത്പര്യപ്പെട്ട് മറ്റ് സബ് ഡിവിഷനിൽ നിന്നുപോലും പാലായിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുണ്ട്. ജി.ഡി. ചാർജ് ഒഴിവാകും, നൈറ്റ് ഡ്യൂട്ടി ഒഴിവാകും തുടങ്ങിയ കാരണങ്ങൾ ഉള്ളതിനാലാണ് ട്രാഫിക്ക് പൊലീസിൽ ഡ്യൂട്ടി ചെയ്യാൻ തയ്യാറായി മിക്കവരും മുന്നോട്ടുവരുന്നത്. ആറ് മണിക്കൂർ ഡ്യൂട്ടി ചെയ്താൽ ഇവർക്ക് വീട്ടിൽ പോകാം. മറ്റ് നൂലാമാലകളൊന്നുമില്ല.

ട്രാഫിക് പൊലീസ് നോക്കിനിൽക്കെ ഡ്യൂട്ടി ചെയ്യാൻ ഓട്ടോ ഡ്രൈവർ!

ഏറെത്തിരക്കും ഗതാഗതക്കുരുക്കും രൂക്ഷമായ സിവിൽ സ്റ്റേഷന് മുന്നിലെ നാലുംകൂടിയ മുക്കിൽ എസ്.ഐ. ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കി നിൽക്കേ ട്രാഫിക്ക് ഡ്യൂട്ടിക്കിറങ്ങി സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവർ. തിങ്കളാഴ്ച വൈകിട്ട് 4 ന് ശേഷമാണ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ ''ഊർജ്ജിതമായി'' ഗതാഗത നിയന്ത്രണം നടത്തിയത്. ട്രാഫിക്ക് പൊലീസിനെക്കാൾ ശുഷ്‌കാന്തിയോടെയും കാര്യക്ഷമതയോടെയും ഓട്ടോഡ്രൈവർ ഗതാഗതക്കുരുക്ക് അഴിക്കാൻ പെടാപാടുപെട്ടത് ഒരുവിഭാഗം യാത്രക്കാർ അഭിനന്ദിക്കുന്നുണ്ടെങ്കിലും നിയമപരമായി ഇത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ കൃത്യവിലോപം ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർദ്ദേശപ്രകാരം ഗതാഗതക്കുരുക്കിൽ പെട്ടുകിടക്കുന്ന വാഹനങ്ങൾ മുമ്പോട്ടെടുത്ത് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആര് സമധാനം പറയുമെന്ന ചോദ്യം പ്രസക്തമാണ്.


ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും ഡി.വൈ.എസ്.പി.

പാലാ സിവിൽ സ്റ്റേഷന് മുൻവശം നാൽക്കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പ്രത്യേകം ശ്രദ്ധ കൊടുക്കുമെന്ന് കെ. സദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളിലേതുപോലെ പൊലീസിനും ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് അതിന്റേതായ ചെറിയ പോരായ്മകൾ നിലവിലുണ്ട്. ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടായിരിക്കെ മറ്റാരെങ്കിലും ഗതാഗത നിയന്ത്രണം നടത്തിയെങ്കിൽ അക്കാര്യം പ്രത്യേകം പരിശോധിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി. പറഞ്ഞു.