bus

കോട്ടയം: തിരുനക്കരയിലെ താത്കാലിക ബസ് ബേ സംവിധാനം നടപ്പാക്കാത്തത് ബാധകമാകാത്ത പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേയാണ് ബസ് ബേ സംബന്ധിച്ച തീരുമാനം കൗൺസിൽ കൈക്കൊണ്ടത്. ഇതിനൊപ്പം കൈക്കൊണ്ട തിരുനക്കര ഉത്സവം പ്രമാണിച്ച് ബസ് സ്റ്റാൻഡ് മൈതാനം വാടകയ്ക്ക് കൊടുക്കാനുള്ള തീരുമാനം നടപ്പാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ബസ് ബേ സംവിധാനം നടപ്പാക്കാനാവില്ലെന്ന് കളക്ടർ അറിയിച്ചത്. ജൂൺ നാലു വരെ തത്‌സ്ഥിതി തുടരണമന്നാണ് കളക്ടറുടെ നിർദേശം. ബസ് ബേ പുനരാരംഭിക്കാൻ 10.42 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ വിളിക്കാൻ നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കളക്ടർ വി.വിഗ്നേശ്വരിക്ക് കത്തയച്ചപ്പോഴായിരുന്നു മറുപടി. എന്നാൽ മാർച്ച് ആറിനാണ് കൗൺസിൽ ചേർന്ന് ബസ് ബേ സംവിധാനത്തിനായി തീരുമാനമെടുത്തത്. ഇത് പ്രകാരം ഈ മാസം ഒന്നു മുതൽ താത്കാലിക ബസ് ബേസംവിധാനം നടപ്പാക്കാനായിരുന്നു തീരുമാനം. ബസ് ബേ ആരംഭിക്കുന്ന മുറയ്ക്ക് താത്കാലിക വെയിറ്റിംഗ് ഷെഡും മതിയായ ലൈറ്റുകളും സ്ഥാപിക്കാനും കൗൺസിൽ തീരുമാനിച്ചിരുന്നു.

താമസിക്കും തോറും

ബസ് ബേ വരാൻ താമസിക്കും തോറും നഗരത്തിലെ ഗതാഗതക്കുരക്കും കൂടുകയാണ്. തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൂടുന്നതോടെ വീണ്ടും കുരുക്കിലാകും. പഴയ ഷോപ്പിംഗ് കോംപ്ളക്സിലെ വ്യാപാരികളുടേയും ടാക്സി ഡ്രൈവർമാരുടേയും കാത്തിരിപ്പും നീളുകയാണ്.

''ഇല്ലാത്ത പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നഗരസഭയും ജില്ലാ ഭരണകൂടവും ഒത്തുകളിക്കുകയാണ്'' കെ.എസ്.പത്മകുമാർ,​ നഗരസഭാ മേഖലാ പ്രസിഡന്റ്,​ ആം ആത്മി പാർട്ടി