jayan

കോട്ടയം: കച്ചേരിക്കായി വിജയവാഡയിലേക്കുള്ള യാത്രാമദ്ധ്യേ 36 വർഷം മുമ്പ് വിജയൻ അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് വിടപറഞ്ഞു. ഇപ്പോൾ ജയനും മടങ്ങുകയാണ്. കോട്ടയത്തിന് ഇനി ജയവിജയന്മാരില്ല. എന്നും മനസിലുണ്ടാകും അവർ അനശ്വരമാക്കിയ സംഗീതം.

നടൻ ജോസ് പ്രകാശിന്റെ പ്രിയപുത്രൻ എന്ന നാടകത്തിന് സംഗീതം നിർവഹിക്കുമ്പോൾ അദ്ദേഹമായിരുന്നു നാടക ഗാനസംഗീതം ജയവിജയ എന്ന് അനൗൺസ് ചെയ്തത്. അത് പിന്നീട് മേൽവിലാസമായി. നാടകത്തിലൂടെയായിരുന്നു തുടക്കം. എൻഎൻ പിള്ള പ്രേതലോകം നാടകത്തിനായി എഴുതിയ 'സുബർക്കത്തിൽ മലർക്കെന്തർ കായ്ക്കും ബാപ്പ എന്ന പാട്ടിന് സംഗീതം പകർന്നു. ദളവയിലെ 'കണ്ണനെ കാണാത്ത കണ്ണെന്തിനാ തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധേയനായി.

ചെമ്പൈവൈദ്യനാഥഭാഗവതരുടെയും ഡോ.ബാലമുരളീകൃഷ്ണയുടെയും ശിഷ്യന്മാരായതാണ് ജയവിജയന്മാരിലെ സംഗീതജ്ഞരെ ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. കച്ചേരികൾക്കായുള്ള ട്രെയിൻ യാത്രകൾക്കിടയിൽ ട്രെയിൻ വൈകുമ്പോൾ സ്റ്റേഷനിലിരുത്തിവരെ പുതിയ കീർത്തനം പഠിപ്പിച്ചു. എച്ച്.എം.വി റെക്കാഡിന് വഴിയൊരുക്കിയത് ബാലമുരളികൃഷ്ണയായിരുന്നു. 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ, ഹരിഹരസുതനേ' . എന്നീ പാട്ടുകളിലൂടെ ശ്രദ്ധേയരായി. യേശുദാസിനെക്കൊണ്ട് 'ശ്രീകോവിൽ നടതുറന്നു ' ജയചന്ദ്രനെക്കൊണ്ട് ശ്രീശബരീശ ദീനദയാല ' എന്നീ ഭക്തിഗാനങ്ങൾ പാടിച്ചതോടെ അയ്യപ്പഭക്തിഗാനങ്ങളുടെ പ്രവാഹമായിരുന്നു. വർഷങ്ങളോളം മകരവിളക്ക് ദിവസം തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് നട തുറന്നിരുന്നത് ശ്രീകോവിൽ നടതുറന്നു എന്ന അയ്യപ്പഗാനം ജയവിജയന്മാർ സന്നിധാനത്ത് പാടുന്നത് കേട്ടായിരുന്നു. കേരളകൗമുദിയുടെ ഉറ്റമിത്രമായിരുന്നു ജയൻ. ഫ്ലാഷ് കോട്ടയം എഡീഷൻ ഉദ്ഘാടനവേദിയിൽ കൊച്ചിയിൽ നിന്നെത്തിയായിരുന്നു പ്രാർത്ഥനാഗീതം ആലപിച്ചത്. തിരുനക്കര ക്ഷേത്രമൈതാനത്തെ കൽപടവുകളിൽ സായാഹ്നങ്ങളിൽ സുഹൃത്തുക്കളുമൊത്ത് ഒത്തുകൂടിയിരുന്ന ജയൻ മകൻ മനോജ് കെ.ജയനൊപ്പം കൊച്ചിയിലേക്ക് താമസം മാറ്റും വരെ കോട്ടയത്തെ സാംസ്കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു.

സംഗീതം പഠിച്ചുതുടങ്ങി, ആറാം വയസിൽ

ആറാം വയസിൽ സംഗീതം പഠിച്ചുതുടങ്ങി. പത്താം വയസിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസായി. കാരാപ്പുഴ ഗവ. സ്കൂളിൽ അദ്ധ്യാപക ജോലി ലഭിച്ചെങ്കിലും പിന്നീട് ജോലി രാജിവെച്ചു സംഗീതജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. ഭക്തിഗാനങ്ങൾക്കുപുറമേ മലയാളം തമിഴ് സിനിമാ ഗാനരംഗത്തും നിരവധി അനശ്വര ഗാനങ്ങൾക്ക് സംഗീതംപകർന്നു.