pola

കോട്ടയം: പോളശല്യം രൂക്ഷമായതോടെ ഇന്നലെ മുതൽ സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചിരിക്കുകയാണ് ജലഗതാഗതവകുപ്പ്. കോട്ടയം, ആലപ്പുഴ ആറ് സർവീസുകളാണ് വെട്ടിക്കുറച്ചത്. പോളയിൽ ബോട്ടുകുരങ്ങുന്നത് പതിവായതോടെയാണ് ജലഗതാഗത വകുപ്പ് സർവീസുകൾ വെട്ടിക്കുറച്ചത്.

അതേസമയം 25 ലക്ഷം മുടക്കി ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം ഒരു തവണ മാത്രം ഉപയോഗിച്ചതോടെ കേടായി ഷെഡ്ഡിലാണ്.
ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്ക് എത്തിയ ബോട്ട് കഴിഞ്ഞ ദിവസം വെട്ടിക്കാടിനു സമീപം പോളയിൽ കുരുങ്ങിയിരുന്നു. പോള നീക്കുന്നതിന് ഇറിഗേഷൻ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടില്ല. ദുരന്ത നിവാരണ അതോറ്റിയുടെ അദ്ധ്യക്ഷയെന്ന നിലയിഷ കളക്ടറും ചെറുവിരൽ അനക്കിയില്ല. ടൂറിസ്റ്റുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നതാണ് ബോട്ട് സർവീസ്. കോട്ടയത്തുനിന്ന് എല്ലാ ദിവസവും 5 സർവീസുകളാണ് ഉണ്ടായിരുന്നത്. ഇതാണ് രാവിലെ മാത്രമായി ചുരുക്കിയത്. പോളയിൽ കുരുങ്ങി കേടാകുന്ന ബോട്ടുകൾ കെട്ടിവലിച്ചുകൊണ്ടുപോവുകയാണ് പതിവ്. കാലാവസ്ഥ പ്രതികൂലമാവുകയോ ബോട്ട് തകരാറിലാവുകയോ ചെയ്താൽ യാത്രക്കാരുടെ സുരക്ഷയും ചോദ്യ ചിഹ്നമാണ്.

 ആവിയായി അരക്കോടിയുടെ യന്ത്രം
ജോസ് കെ.മാണി വിഭാഗത്തിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായിരിക്കേ 2018ലാണ് 48 ലക്ഷം രൂപ മുടക്കി തദ്ദേശീയമായി നിർമ്മിച്ച പോള വാരൽ യന്ത്രം ജില്ലാ പഞ്ചായത്ത് വാങ്ങിയത്. മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രമെന്നായിരുന്നു അവകാശവാദം. കൊട്ടിഘോഷിച്ച് കോടിമതയിൽ ഉദ്ഘാടനം നടന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം നിലച്ചു. കുറച്ചു നാൾ കുമരകത്ത് കായലിൽ വെറുതെയിട്ടിരിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നാവടഞ്ഞു.

സുരക്ഷയില്ല

 ബോട്ട് അടുപ്പിക്കാൻ ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന നിർദേശം നടപ്പായില്ല

 അപകടത്തിൽപ്പെടുന്ന യാത്രക്കാർക്ക് സുരക്ഷയ്ക്ക് ലൈഫ് ജാക്കറ്റ് മാത്രം

 പലപ്പോഴും രക്ഷാ ദൗത്യം നാട്ടുകാർ എത്തിക്കുന്ന ബോട്ടിലും വള്ളത്തിലും