പൊൻകുന്നം: കോൺക്രീറ്റിന്റെ അവശിഷ്ടങ്ങൾ തള്ളി, അത് നടപ്പാതയിലായാൽ എന്താകും സ്ഥിതി. എന്തായാലും പൊൻകുന്നം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രികർക്കാണ് ഇരട്ടിപ്പണി. സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷന് മുൻവശം യാത്രക്കാർ നടന്നുപോകുന്ന ഭാഗത്താണ് കോൺക്രീറ്റ് മാലിന്യം തള്ളിയത്. ദിവസവും നിരവധി ബസുകളും നൂറുകണക്കിന് യാത്രക്കാരും കയറിയിറങ്ങുന്ന തിരക്കേറിയ ബസ് സ്റ്റാൻഡാണ്. സ്റ്റാൻഡിലെ പഴയ പഞ്ചായത്ത് കോംപ്ലക്‌സിന്റെ മുകൾവശം അടുത്തിടെ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായിരുന്നു. ഇവിടെ നിന്ന് നീക്കം ചെയ്ത അവശിഷ്ടമാണ് ബസ് സ്റ്റാൻഡിനുള്ളിൽ തന്നെ കൂട്ടിയിട്ടത്. കംഫർട്ട് സ്റ്റേഷന് മുൻവശം സെപ്റ്റിക്ക് ടാങ്ക് ക്ലീനിംഗിന് ശേഷം സ്ലാബുകൾ നിരപ്പായി ഉറപ്പിക്കാത്തതും യാത്രക്കാർക്ക് തടസമാണ്. സ്ലാബുകൾ ഉയർന്നും താഴ്ന്നും നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്.
തള്ളിയത് ഒരാഴ്ച മുമ്പ്
ഒരാഴ്ച മുമ്പാണ് കോൺക്രീറ്റ് അവശിഷ്ടം ഇവിടെ തള്ളിയത്. ഇതിനെതിരെ യാത്രക്കാരിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.