
കോട്ടയം: തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമായി. പിറവം നിയമസഭാ നിയോജക മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളിൽ കമ്മീഷനിംഗ് പൂർത്തിയായി. പിറവത്തെ മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ഇന്നലെയാണ് പൂർത്തിയായത്.
സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് അടക്കം സ്ഥാപിച്ച വോട്ടിംഗ് യന്ത്രങ്ങൾ പരിശോധന പൂർത്തിയാക്കി അതത് സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റി. പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിംഗിലുള്ളത്.
വോട്ടിംഗ് യന്ത്രങ്ങൾ ഇനി വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്യും.
രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ പോളിംഗ് ബൂത്തുകൾക്ക് നിർണയിച്ച ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വിവിപാറ്റും അടങ്ങുന്ന വോട്ടിംഗ് യന്ത്രങ്ങൾ അതത് ബൂത്തുകളുടെ കൗണ്ടറുകളിലെത്തിച്ചു. കൺട്രോൾ യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് സീൽ ചെയ്തു. നോട്ടയടക്കം 15 സ്ഥാനാർത്ഥികളുടെ പേര് ഉൾക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. വോട്ട് ചെയ്യുമ്പോൾ സ്ലിപ്പ് പ്രിന്റ് ചെയ്യുന്ന വിധത്തിൽ വിവിപാറ്റ് യന്ത്രങ്ങളിൽ ബാറ്ററി ഇട്ട് സജ്ജമാക്കി. മൂന്നു യൂണിറ്റുകളും ബന്ധിപ്പിച്ചശേഷം ഓരോ സ്ഥാനാർത്ഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കൺട്രോൾ യൂണിറ്റിലെ ഫലവും വിവിപാറ്റിന്റെ പ്രവർത്തനവും കൃത്യമെന്ന് ഉറപ്പാക്കി.
മോക്ക് പോളിംഗ്
വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമാക്കിയ ശേഷം അഞ്ചുശതമാനം വോട്ടിംഗ് യന്ത്രങ്ങളിൽ ആയിരം വോട്ടുകൾ വീതം ചെയ്ത മോക്ക് പോൾ നടപടിയും പൂർത്തിയാക്കി. മോക്ക് പോൾ നടപടി പൂർത്തിയാക്കിയ യന്ത്രങ്ങളുടെ മാത്രം ബാറ്ററി മാറ്റി പുതിയവ ഘടിപ്പിച്ചു. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ചാണു സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി നടപടികൾ പൂർത്തിയാക്കിയത്. എം.ഡി. സെമിനാരി സ്‌കൂളിലും പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ സ്വീകരണ വിതരണകേന്ദ്രമായ ബേക്കർ സ്‌കൂളിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ വി. വിഗ്‌നേശ്വരി ഇ.വി.എം. കമ്മീഷനിംഗ് പ്രവർത്തനങ്ങൾ വിലയിരുത്തി.