തീരങ്ങളിൽ അനധികൃത ഖനനവും മണലൂറ്റും വ്യാപകം

പാലാ: ഇനിയും തടഞ്ഞില്ലെങ്കിൽ മീനച്ചിലാറിന്റെ കോലം തിരിയും, അത് തീർച്ചയാണ്. മലയോരത്തിന്റെ ജീവനാഡിയായ മീനച്ചിലാറിനെ മണൽമാഫിയ കാർന്നുതിന്നുകയാണ്. തിരഞ്ഞെടുപ്പിന്റെ മറവിൽ മീനച്ചിലാറിൻ തീരങ്ങളിൽ അനധികൃത ഖനനവും മണലൂറ്റും തകൃതിയായി. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലായത് മണൽ മാഫിയായ്ക്ക് അടിച്ച കോളായി.കിടങ്ങൂർ വില്ലേജിൽ ബ്ലോക്ക് 16ൽ 2, 3, 4 തുടങ്ങിയ സർവ്വേ നമ്പരുകളിൽപ്പെട്ട ആറ്റുതീരത്ത് കരമണൽ ഖനനവും ഇഷ്ടികച്ചെളി ഖനനവും വൻതോതിൽ നടക്കുന്നെന്ന പരാതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതിയാണ് രംഗത്തുവന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട്, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകി.

മേഖലയിൽ ഖനനത്തിന് ഒരാൾക്കും പെർമിറ്റ് അനുവദിച്ചിട്ടില്ലെന്ന് നദീ സംരക്ഷണസമിതി പ്രവർത്തകർ പറയുന്നു. ഡീലർ ലൈസൻസ് മാത്രമെടുത്തവർ ആറ്റുവഞ്ചിക്കാടിന് സമീപം നിരോധിത മേഖലകളിൽ ഖനനം നടത്തുകയാണെന്നാണ് പരാതി. ജെ. സി. ബി, ടോറസ് ലോറികൾ, ടിപ്പർ ലോറികൾ എല്ലാം സ്വന്തമായുള്ള വൻ സംഘമാണ് ഖനനം നിയന്ത്രിക്കുന്നതെന്നും ആരോപണമുണ്ട്.

ആറ്റുവഞ്ചിക്കാട് ഇല്ലാതാവും

പൊലീസിന്റെയും അധികാരികളുടെയും നീക്കങ്ങളറിയുന്നതിനുള്ള സംവിധാനങ്ങൾ വരെ ഒരുക്കിയാണ് ഖനനം എന്നാണ് ആക്ഷേപം.

ഖനനം തുടർന്നാൽ സോഷ്യൽ ഫോറസ്ട്രിയുടെ ആറ്റുവഞ്ചിക്കാട് റിസർവ് വനം ഇല്ലാതാവും. കട്ടച്ചിറത്തോട് വഴിമാറിയൊഴുകും വിധമുള്ള ഖനനമാണ് ആറിന്റെയും തോടിന്റെയും തീരങ്ങളിൽ നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

മണൽ മാഫിയായുടെ ഭീഷണിയും

മീനച്ചിലാറിന്റെ ഭരണങ്ങാനം കൂറ്റനാൽകടവിൽ അനധികൃത മണൽവാരൽ നടക്കുന്നത് സംബന്ധിച്ച് പൊലീസിലും റവന്യു വിഭാഗത്തിലും പരാതി നൽകിയ മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രവർത്തകനെ ഭരണങ്ങാനം ടൗണിൽ വച്ച് മണൽ മാഫിയ അംഗങ്ങൾ കൈയേറ്രം ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

നടപടിയെടുക്കണം

മീനച്ചിലാറിന്റെയും തോടുകളുടെയും തീരങ്ങളിൽ നടക്കുന്ന അനധികൃത ഖനനം തടയണമെന്നും മീനച്ചിലാറിന്റെ തീരഘടന സംരക്ഷിക്കണമെന്നും മീനച്ചിൽ നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഡോ. എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.