ldf

കോട്ടയം: യു.ഡി.എഫ് ക്യാമ്പിനെ ഇളക്കി മറിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത് എത്തും. ഉച്ചയ്ക്ക് മൂന്നിന് തിരുനക്കര മൈതാനത്താണ് സമ്മേളനം. നാഗമ്പടം മൈതാനത്ത് ഹെലികോപ്ടറിൽ ഇറങ്ങിയ ശേഷമാണ് സമ്മേളനത്തിന് എത്തുക. അതേസമയം രാഹുലിന്റെ വരവോടെ കോൺഗ്രസ് വോട്ടുകൾ ഉറച്ചെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്. രാഹുൽ ഗാന്ധിയുടെ വരവ് പ്രമാണിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ നാളെ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തും.

 ചാഴികാടൻ ഏറ്റുമാനൂരിൽ

ഇന്നലെ ഏറ്റുമാനൂരിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. സുരേഷ് കുറുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു. പൂക്കളും പഴങ്ങളുമായി സ്ത്രീകളടക്കമുള്ളവരുടെ വൻനിര സ്ഥാനാർത്ഥിയെ കാത്തുനിന്നിരുന്നു. എല്ലാവരുടെയും സ്വീകരണം ഏറ്റുവാങ്ങി കുശലം പറഞ്ഞ് വോട്ടുറപ്പിച്ച് സ്ഥാനാർത്ഥിയും. ഓരോ സ്വീകരണ യോഗം കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി കൂടി വന്നു.

 പിറവത്ത് ഫ്രാൻസിസ്

ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ഇന്നലെ പിറവം നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ. ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

 രാഹുൽ എത്തുന്നത് ആർക്ക് വേണ്ടിയെന്ന് ബി.ജെ.പി

രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനാണെന്ന് ബി.ജെപി. ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ. ഐ.എൻ.ഡി.ഐ.ഐ മുന്നണിയുടെ ഭാഗമാണെന്നും തനിക്ക് വോട്ട് ചോദിക്കാനാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നതെന്നുമുള്ള ചാഴികാടന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സഖ്യത്തിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് കോട്ടയത്ത് മത്സരം. തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണ്. അങ്ങനെയിരിക്കെ രാഹുൽ ഗാന്ധിയുടെ സന്ദർശനം തനിക്ക് നേട്ടം ആകുമെന്ന ചാഴികാടന്റെ പ്രസ്താവന കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ലിജിൻ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി ഇന്നലെ പിറവം മണ്ഡലത്തിലായിരുന്നു പര്യടനം. ഇന്ന് ഏറ്റുമാനൂർ മണ്ഡലത്തിൽ പര്യടനം നടത്തും. വൈകിട്ട് 3 മണിക്ക് പര്യടനം ആരംഭിക്കും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തും.