കടുത്തുരുത്തി: ടാറിംഗ് തകർന്നു. കുഴികൾ എങ്ങും മാത്രം. നേരെ ചൊവ്വെ നടക്കാനും വയ്യ. തകർന്നടിഞ്ഞു പുളിന്തറ കുര്യം റോഡ്.
വാണിയംങ്കാവ് ഉമാമഹേശ്വര ക്ഷേത്രം, കൊട്ടാരത്തിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ കഷ്ടപ്പാട് പറയാനും വയ്യാ. ഇതുവഴിയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. തോട്ടുവാ,കാണക്കാരി റോഡ് ആധുനികനിലവാരത്തിൽ ടാറിംഗ് നടത്തിപ്പോൾ പുളിന്തറ കുര്യം റോഡും നവീകരിക്കുമെന്ന് ജനപ്രതിനിധികൾ പലകുറി പറഞ്ഞു. പക്ഷേ ഒന്നും നടന്നില്ല. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചതായി അധികൃതരുടെ അറിയിപ്പുമെത്തി. നാളുകൾ ഏറെയായിട്ടും നടപടിയാകാതെ വന്നപ്പോൾ കുഴികൾ അടച്ചു പൊതുമരാമത്ത് വകുപ്പ് അധികൃതർ തലയൂരി. വൈക്കം, എറണാകുളം, ആലപ്പുഴ ഭാഗത്തു നിന്നും എത്തുന്നവർക്ക് എം.സി റോഡിലേക്കുള്ള ഏളുപ്പമാർഗമാണ് ഈ റോഡ്. ഇപ്പോൾ കിലോമീറ്ററുകൾ ചുണ്ടിയാണ് യാത്ര.
പ്രതിഷേധവുമായി നാട്ടുകാർ
റോഡ് നിർമ്മാണം വഴിമുട്ടിയ സാഹചര്യത്തിൽ സമരത്തിനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.
ചിത്ര വിവരണം
പുളിന്തറ, കുര്യം റോഡ് തകർന്ന നിലയിൽ