
കൊല്ലപ്പള്ളി: കാവുംകണ്ടത്തെ വാഴക്കാട്ടുപാലത്തിന്റെ കാര്യത്തിൽ എന്തെങ്കിലുമൊരു പരിഹാരമുണ്ടോ അധികാരികളേ?
കടനാട്, കാവുംകണ്ടം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാഴക്കാട്ടുപാലം ശോച്യാവസ്ഥയിലായിട്ട് കാലങ്ങളായി. പാലത്തിന് മതിയായ വീതിയില്ലാത്തതും കൈവരികൾ തകർന്നതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ അപകടഭീഷണിയാണ്.
അടുത്ത നാളിൽ വാഹനമിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. കൈവരിക്കമ്പിയിൽ ഇടിച്ചുനിന്നതിനാൽ വാഹനം തോട്ടിൽ പതിക്കാതെയും വലിയ പരിക്കേൽക്കാതെയും യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു.
അൻപത് വർഷം മുമ്പ് നിർമ്മിച്ച വാഴക്കാട്ടുപാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ കടന്നുപോകാൻ കഴിയുന്നുള്ളൂ. എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും ഇവിടെ ഇടയില്ല. പാലത്തിന്റെ വീതി വളരെ കുറവായതിനാലും ബലക്ഷയം ഉള്ളതിനാലും ബസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ മറ്റൊരു വഴിയിലൂടെയാണ് പോകുന്നത്. ഇതാകട്ടെ ഈ മേഖലയിലെ ജനങ്ങൾക്ക് ഇരട്ടി ദുരിതവുമാകുന്നു.
കടനാട്ടിലേക്കുള്ള ഏറ്റവും എളുപ്പമുള്ളതും ദൂരം കുറഞ്ഞതുമായ വഴിയാണിത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാത്രക്കാർ ആശ്രയിക്കുന്ന വഴിയുമാണിത്.
വീതികൂട്ടിയും കൈവരികൾ സ്ഥാപിച്ചും പാലം സുരക്ഷിതമാക്കണമെന്ന ജനകീയ ആവശ്യം ഉയർന്നിട്ടുണ്ട്. പാലത്തിന്റെ ബലക്ഷയം പുനപരിശോധിച്ച് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
എ.കെ.സി.സിയും പിതൃവേദിയും പ്രതിഷേധിച്ചു.
കാവുംകണ്ടം വാഴക്കാട്ടുപാലം പുനർനിർമ്മിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ എ.കെ.സി.സി., പിതൃവേദി കാവുംകണ്ടം യൂണിറ്റ് ഭാരവാഹികൾ പ്രതിഷേധിച്ചു. പ്രസിഡന്റ് ജോജോ പടിഞ്ഞാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഫാ. സ്‌കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ഡേവീസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, സാബു വാദ്ധ്യാനത്തിൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിച്ചു.