
ചങ്ങനാശേരി : ഹലോ, ചങ്ങനാശേരിയിൽ നിന്നാ... ആ പഴയ ബി.എസ്.എൻ.എൽ ലാൻഡ്ഫോൺ കാലം ഓർക്കുന്നുണ്ടോ? ഒരുകാലത്ത് ചങ്ങനാശേരിയിലെ ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് ഓഫീസിന് മുന്നിൽ ആളുകളുടെ നീണ്ട നിര കാണാമായിരുന്നു. പുതിയ സിം കാർഡിനും ലാൻഡ്ഫോൺ കണക്ഷനുകൾക്കുമായ് അപേക്ഷ നൽകി ആഴ്ചകളും മാസങ്ങളും വരെ കാത്തിരുന്ന ധാരാളം പേരുണ്ട്. ചങ്ങനാശേരിയിലെ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലൂടെ നടന്നു പോകുന്നവർക്ക് തലയെടുപ്പുള്ള ആ കെട്ടിടം ഒരു അദ്ഭുതമായിരുന്നു. എന്നാൽ ഇന്ന് തുരുമ്പെടുത്തു നശിച്ച മുഖവാരത്തെ ഗേറ്റും ഇടിഞ്ഞു വീഴാറായ മതിലും സങ്കടക്കാഴ്ചയാണ്. എക്സ്ചേഞ്ചിന് സമീപമുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്‌സും ആളൊഴിഞ്ഞ നിലയിലാണ്. ഒരേക്കറോളം സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. പുഴവാതിൽ കാവിൽ അമ്പലത്തിനു സമീപമുള്ള ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടം ഇന്ന് താഴിട്ട് പൂട്ടിയ അവസ്ഥയിലാണ് ചുറ്റുപാടും കാട് കയറി പടർന്നിരിക്കുന്നു. പതിനഞ്ച് സെന്റിലധികം സ്ഥലമാണ് ഇവിടെ ഉള്ളത്. കോടികൾ വിലമതിക്കുന്ന വസ്തുവകകളാണ് ഇത്തരത്തിൽ നശിക്കുന്നത്. കാലത്തിനൊപ്പം ബി.എസ്.എൻ.എല്ലിന് കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല എങ്കിലും ഇന്നും ചങ്ങനാശേരിയിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ ധാരാളം ഉണ്ട്. എൻ.എസ്.എസ് ആസ്ഥാനം, ചങ്ങനാശേരി അതിരൂപതാ ആസ്ഥാനം, പഴയപള്ളി മുസ്‌ലിം ജമാഅത്ത് എന്നിവ പ്രമുഖ ഉപഭോക്താക്കളിൽ ചിലരാണ്. പ്രതാപ കാലത്തെ ഓർമ്മകൾക്ക് അപ്പുറം ചങ്ങനാശേരി ബി.എസ്.എൻ.എൽ ഓഫീസ് ഇന്ന് നാശത്തിന്റെ പടുകുഴയിലാണ്. തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന ചർച്ചകളിൽ ഒന്നാണ് ഈ കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ.
ഇരുപത് വർഷത്തിലധികമായി ബി.എസ്.എൻ.എൽ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നു. ആദ്യകാലത്ത് സെൽവൺ എന്നായിരുന്നു പേര്. പിന്നീട് ബി.എസ്.എൻ.എൽ എന്നായി. അപേക്ഷ നൽകി കാത്തിരിപ്പിന് ശേഷമാണ് നമ്പർ ലഭിച്ചത്. പോസ്റ്റ്പെയ്ഡ് കണക്ഷൻ ആയിരുന്നു തുടക്കത്തിൽ. പിന്നീട് ആണ് പ്രീപെയ്ഡിലേക്ക് മാറിയത്. മറ്റു കണക്ഷനുകളിലേക്ക് മാറുവാൻ ഉള്ള സംവിധാനം നിലവിൽ വന്നുവെങ്കിലും ഇപ്പോഴും ബി.എസ്.എൻ.എല്ലിൽ തന്നെ തുടരുന്നു.
സെബിൻ ജോൺ, ഉപഭോക്താവ്