kadavu

കടുത്തുരുത്തി: കോടികൾ ചെലവഴിച്ചു നവീകരിച്ച കുറുപ്പന്തറകടവ് കൊണ്ട് എന്തു പ്രയോജനം. ഇതാണ് ആളുകളുടെ ചോദ്യം. ചെളിയും പോളയും നിറഞ്ഞ കടവ് നവീകരിച്ച് ചുറ്റും കരിങ്കൽ കെട്ടി മുള്ളും വേലിയും സ്ഥാപിച്ചു. ഇതോടെ വള്ളങ്ങൾക്ക് കടവിലേക്ക് പ്രവേശിക്കാനും ആളുകൾക്ക് കടവിലേക്ക് ഇറങ്ങാനും പറ്റാത്ത അവസ്ഥയിലുമാണ്.
നാലു വർഷം മുൻപ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ചെറുകിട ജലസേചന വിഭാഗമാണ് കടവ് പുനരുദ്ധാരണവും അനുബന്ധ പദ്ധതികളും നടത്തിയത്. വർഷങ്ങളായി വശങ്ങൾ ഇടിഞ്ഞ് ചേറുനിറഞ്ഞു കിടന്ന കടവ് പുനർനിർമ്മിച്ചു വലിയ വള്ളങ്ങളും ബോട്ടുകളും എത്തിച്ച് ചരക്കുകൾ നീക്കം ചെയ്യുകയും അതിനോടനുബന്ധിച്ചു ടൂറിസത്തിനു സൗകര്യം ഒരുക്കുകയുമായായിരുന്നു ലക്ഷ്യം. ഇതൊന്നും നടത്താതെ കടവ് കെട്ടി അടക്കുകയായിരുന്നു. അതോടെ വീണ്ടും പോളയും ചേറും നിറഞ്ഞ നിലയിലായി.
കടവിനോട് ചേർന്നുള്ള ഓട്ടപ്പള്ളി പാലം പൊളിച്ചു പുതിയ പാലം നിർമ്മിക്കുക, മാഞ്ഞൂർ കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തറെത്താഴം പാലത്തിനടിയിൽ സ്പിൽവെ നിർമ്മിച്ചു നീരൊഴുക്കു വർദ്ധിപ്പിക്കാൻ വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക, ഇവിടെയുള്ള പാശേഖരങ്ങളിലെ കൃഷി ആവശ്യത്തിനുപയോഗിക്കുന്ന പെട്ടിയും പറയും മോട്ടോർ തറ എന്നിവ പൊളിച്ച് പുതിയത് നിർമ്മിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് കുറുപ്പന്തറ കടവും ഇതിന് അടുത്ത് സ്ഥിതി ചെയുന്ന മാർക്കറ്റും വലിയ പ്രസിദ്ധി നേടിയ ഇടമായിരുന്നു. ദിനംപ്രതി ധാരാളം ചരക്കു വള്ളങ്ങൾ ഇവിടെ എത്തിയിരുന്നു. ആലപ്പുഴ, മുഹമ്മ , ചേർത്തല, വൈക്കം എന്നീവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാർ ഇവിടെ എത്തി ചരക്കുകൾ കയറ്റി ഇറക്കിയിരുന്നു.
അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കടവ് രണ്ടായി തിരിച്ചു നടുവിലൂടെ കോൺക്രീററു ഭിത്തിയും നിർമ്മിച്ചു. അതോടെ വള്ളങ്ങൾക്ക് എത്താനും കഴിയില്ല. നല്ല മഴ ചെയ്താൽ കടവിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മുവാററുപുഴ ആലപ്പുഴ ഹൈവെ വെള്ളത്തിനടിയിലുമാകും. ഈ പുനരുദ്ധാരണം എന്തിനുവേണ്ടിയായിരുന്നു വെന്നാണ് നാട്ടുകാരുടെ ചോദ്യം?