
വൈക്കം: തലയാഴം പഞ്ചായത്തിലെ മൂന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതിക്ക് തുടക്കമായി. തലയാഴം മുണ്ടാർ അഞ്ച്, സി.കെ.എം, കളപ്പുരക്കരി എന്നീ മൂന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഈ പാടശേഖരങ്ങളിൽ രണ്ടുതവണ നെൽകൃഷി ചെയ്യുന്നതിനും കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ ഇടവിളകൾ കൂടുതൽ ഉൽപാദിപ്പിക്കുന്നതിനൊപ്പം പാടശേഖരങ്ങൾക്കുള്ളിൽ താമസിക്കുന്ന 100 ഓളം കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് രക്ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
110 ഏക്കർ വിസ്തൃതിയുള്ള മുണ്ടാർ അഞ്ചിൽ 40 ഓളം കർഷകരും 135 ഏക്കർ വിസ്തൃതിയുള്ള സി.കെ.എമ്മിൽ 99കർഷകരും 50 ഏക്കറുള്ള കളപ്പുരയ്ക്കക്കരിയിൽ 47 കർഷകരുമാണുള്ളത്. മൂന്ന് പാടശേഖരങ്ങളിലായി ചെറുതും വലതുമായ നാല് ഷട്ടർ മടകൾ നിർമ്മിക്കും. സി.കെ.എം, കളപ്പുരയ്ക്കൽക്കരി പാടശേഖരങ്ങളെ ബന്ധിപ്പിച്ച് മൂന്ന് കിലോമീറ്ററോളം പുറംബണ്ട് ഉയർത്തി നിർമ്മിക്കും. മോട്ടോർ ചാലുകളുടെ പുറക് ഭാഗം കല്ലുകെട്ടി ബലപ്പെടുത്തും. രണ്ട് വശങ്ങളിലും കല്ലുകെട്ടി കളപ്പുരയ്ക്കൽക്കരിയിലേയ്ക്ക് റോഡും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുമെന്ന് പാടശേഖര സമിതി സെക്രട്ടറി പി.ജി.ബേബി പുതുച്ചിറ, പ്രസിഡന്റ് തങ്കച്ചൻ എന്നിവർ പറഞ്ഞു. മുണ്ടാർ അഞ്ചിൽ ആരംഭിച്ച ഷട്ടർ മടയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മുണ്ടാർ അഞ്ച് പാടശേഖരത്തിന്റെ പുറബണ്ട് ഒരു കിലോമീറ്ററോളം ഉയർത്തി നിർമ്മിക്കുമെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ.എൻ.രാജേഷ്, ശശി മുരുകംതറ എന്നിവർ പറയുന്നു. നെൽകൃഷിക്ക് പുറമേ പുരയിടങ്ങളിലും പാടശേഖരത്തിന്റെ പുറംബണ്ടിനോട് ചേർന്നും കപ്പ, വാഴ, പച്ചക്കറി കൃഷി വ്യാപകമായി ചെയ്തു വരുന്നുണ്ട്. ഇടവിളകൾ വിളവെടുപ്പ് പാകമാകുമ്പോൾ വെള്ളം കയറി പതിവായി നശിക്കുന്ന സ്ഥിതിയാണ് ഈ പാടശേഖരങ്ങളിലുള്ളത്. ഈ മൂന്ന് പാടശേഖരങ്ങളുടെ ഉള്ളിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളും വർഷകാലത്ത് വെള്ളക്കെട്ട് ദുരിതത്തിലാണ്. വെള്ളക്കെട്ട് മൂലം ഇതിൽ ചില കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് വാടക വീടുകളിലേയ്ക്ക് താമസം മാറ്റി. നബാർഡിന്റെ അഞ്ചുകോടി രൂപ വിനിയോഗിച്ചുള്ള പദ്ധതി പൂർത്തിയാകുന്നതോടെ കൃഷിനാശവും വെള്ളപ്പൊക്ക ദുരിതവും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.കെ.എം പാടശേഖര സമിതി ഭാരവാഹികളായ പി.കെ.സതീശൻ, പി.ഡി. മൈക്കിൾ എന്നിവർ പറഞ്ഞു.