postal

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ അവശ്യ സേവന വിഭാഗത്തിൽ മാദ്ധ്യമങ്ങളെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ടിംഗിന് അനുവാദം നൽകിയെങ്കിലും ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല. ലക്ഷങ്ങൾ മുടക്കി ദിവസങ്ങളോളം നീണ്ട പരിശീലന പരിപാടികൾ നടത്തിയെങ്കിലും ഇക്കാര്യം ആരും അറിയിച്ചിട്ടില്ലെന്നാണ് ഇന്നലെ പോസ്റ്റൽ വോട്ടിംഗിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞത്. മാദ്ധ്യമപ്രവർത്തകർ തിരഞ്ഞെടുപ്പ് ജോലിയിലായതിനാലാണ് സർക്കാർ അക്രഡിറ്റേഷനുള്ളവർക്ക് പോസ്റ്റൽ വോട്ടിംഗിന് അവസരം ഒരുക്കിയത്.

23 വരെ വിവിധ മണ്ഡലങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിംഗ് സമയം. എന്നാൽ ഇന്നലെ വോട്ട് ചെയ്യാനെത്തിയവരോട് ഏത് രീതിയിലാണ് വോട്ട് ചെയ്യേണ്ടതെന്ന് പോലും പറഞ്ഞു നൽകാത്ത സംഭവങ്ങളുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് ദിവസങ്ങളോളം ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ മദ്ധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയ വിവരം ക്ളാസുകളിൽ പറഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. തിരഞ്ഞെടുപ്പ് ദിവസം ജോലി ഉള്ളതിനാൽ ഭൂരിപക്ഷം മാദ്ധ്യമ പ്രവർത്തകർക്കും സമ്മതിദാനാവകാശം നിർവഹിക്കാൻ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് ഇക്കുറി കമ്മിഷൻ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

പോസ്റ്റൽ വോട്ട് ഇവർക്ക്

പൊലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി, ആരോഗ്യ സർവീസസ്, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാദ്ധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.