
കടുത്തുരുത്തി: വാഹനം എത്തി തൊട്ടടുത്ത് എത്തുമ്പോഴാണ് റോഡിൽ വലിയ ഗർത്തങ്ങൾ കാണുക. കുഴിയിൽ ചാടാതെ ഇരിക്കണമെങ്കിൽ ഉടൻ ബ്രേക്കിടണം. ബ്രേക്കിട്ടാൽ പുറകിൽ വാഹനം ഉണ്ടെങ്കിൽ ഇടി ഉറപ്പ്. വെട്ടിച്ചാലും സ്ഥിതി ഇതു തന്നെ. കുഴിയിൽ ചാടിയാൽ ആക്‌സിൽ ഒടിഞ്ഞതു തന്നെ. മഴയെ തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞാൽ കാര്യങ്ങൾ കൈവിട്ടതു തന്നെ. ഇതു മൂവാറ്റുപുഴ ആലപ്പുഴ ഹൈവേയിൽ കല്ലറ എസ്. ബി. റ്റി ജംഗ്ഷൻ, സ്‌കൂൾ ജംഗ്ഷൻ, കല്ലറ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്ഥിതിയാണ്.
ഒരു ദിവസം ആയിരക്കണക്കിന് ടോറസ് ലോറികൾ ചീറിപ്പായുന്ന വഴിയാണിത്. അതുപോലെ ബൈക്കുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഇടവിടാതെ കടന്നു പോകുന്നു. മാസങ്ങളായിട്ട് ഇവിടെ രൂപപ്പെട്ട കുഴികൾ അടയ്ക്കാൻ നടപടിയുമില്ല.
ബി.എം ആന്റ് ബി.സി നിലവാരത്തിൽ പണിത റോഡാണിത്. മഴക്കാലത്ത് റോഡിലെ വെള്ളം ഒഴുക്കി കളയാനുള്ള ഓടകൾ നിർമ്മിച്ചിട്ടുമില്ല. വെള്ളം കെട്ടിക്കിടന്ന് ടാർ ഇളകിയാണ് റോഡ് നശിച്ചത്. 15 ടൺ ലോഡ് കയറ്റേണ്ട ഭാരവണ്ടികളിൽ 30 ടൺ കയറ്റിയാണ് വരുന്നത്. ഇതും റോഡിനെ നശിപ്പിച്ചു. കുറുപ്പന്തറ മുതൽ കല്ലറ വരെ പല ഭാഗങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ടപ്പോഴും ഇന്റർ ലോക് കട്ടകൾ പാകി വഴി സംരക്ഷിച്ചിരുന്നു. ഇതിന്റെ ആയുസ് വളരെ കുറവുമാണ്. ഇങ്ങനെ സംരക്ഷിച്ച ഭാഗങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങൾ ഇന്റർലോക്ക് കട്ടകളുടെ മുകളിൽ കയറുമ്പോൾ കട്ടകൾക്കു സ്ഥാന ചലനം സംഭവിച്ചു ഇവിടെ പല ഇടങ്ങളിലും കുഴിയും ഉണ്ടാകുന്നു. ആലപ്പുഴയിൽ നിന്നും മൂന്നാർ, വാഗമൺ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനുള്ള ദൈർഘ്യം കുറഞ്ഞ ഹൈവെയാണിത്.
വീതികൂട്ടി ഓടകളും ആധുനിക രീതിയിലുള്ള ടാറിംഗ് നടത്തി റോഡ് സംരക്ഷിച്ചാൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുകയും ചെയ്യും.
നിർമ്മാണത്തിലെ അപാകതയാണ് റോഡുകൾ അടിക്കടി നശിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.