
കോട്ടയം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കുമ്പോൾ ജോസഫ് ഗ്രൂപ്പിലെ രാജിയും തമ്മിലടിയും യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുന്നു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ തുടങ്ങിവച്ച രാജി ഇന്നലെ സംസ്ഥാന വൈസ് ചെയർമാൻ വി.സി.ചാണ്ടി മാസ്റ്ററിൽ വരെ എത്തുമ്പോൾ പ്രതിരോധത്തിലാണ് വലതുമുന്നണി. പാർട്ടിയിലെ അസ്വസ്ഥരെ തിരഞ്ഞെടുപ്പ് വരെയെങ്കിലും സമാധാനിപ്പിച്ച് നിറുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. മോൻസ് ജോസഫിന്റെ അപ്രമാദിത്വം ചോദ്യം ചെയ്ത് സജി മഞ്ഞക്കടമ്പിൽ ഉയർത്തിയ ആക്ഷേപങ്ങൾക്ക് മറുപടിയുമായി ആദ്യദിനം മോൻസ് ജോസഫ് നേരിട്ട് കളത്തിലിറങ്ങിയെങ്കിലും പ്രതിരോധം പാളി. പിന്നാലെ കൂടുതൽപ്പേരുടെ രാജി. ഫ്രാൻസിസ് ജോർജിന്റെ പ്രചാരണത്തിന് വേണ്ടി പരസ്യചിത്രം തയാറാക്കിയ സുനിൽ കുന്നപ്പള്ളിയുടെ രാജിയെ നേതാക്കൾ ചിരിച്ച് തള്ളിയെങ്കിലും മുതിർന്ന നേതാക്കളായ അറയ്ക്കൽ ബാലകൃഷ്ണപിള്ളയും വി.സി.ചാണ്ടി മാസ്റ്ററും ഉൾപ്പെടെയുള്ളവരുടെ പുറത്തുപോക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഇവരാരും അതിശക്തരായ നേതാക്കളല്ലെങ്കിലും തിരഞ്ഞെടുപ്പ് കാലത്തെ പാർട്ടിയിലെ തമ്മിലടി മറനീക്കിപ്പുറത്ത് വരുന്നത് വിജയത്തെ എങ്ങനെ ബാധിക്കുമോ എന്നാണ് ആശങ്ക. മോൻസ് ജോസഫിന്റെ നടപടികൾ ചോദ്യം ചെയ്താണ് എല്ലാവരുടേയും രാജി. എന്നാൽ മോൻസിന് പിന്തുണച്ച് ജോസഫ് ഗ്രൂപ്പിൽ നിന്ന് മറ്റ് നേതാക്കൾ രംഗത്ത് എത്താതിരുന്നതും ശ്രദ്ധേയമാണ്. മുതിർന്ന നേതാവും വർക്കിംഗ് ചെയർമാനുമായ പി.സി.തോമസാവട്ടെ, ചെയർമാൻ കഴിഞ്ഞാൽ പാർട്ടിയിൽ വർക്കിംഗ് ചെയർമാനാണ് അധികാരമെന്ന് പത്രസമ്മേളനം നടത്തി വ്യക്തമാക്കിയത് മോൻസിനുള്ള മുന്നറിയിപ്പായാണ് കരുതുന്നത്.
കോൺഗ്രസിലും അതൃപ്തി
കേരളാ കോൺഗ്രസിലെ തമ്മിലടിയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും അതൃപ്തരാണ്. കോൺഗ്രസ് നേതാക്കൾക്ക് നോട്ടമുണ്ടായിരുന്ന കോട്ടയം സീറ്റ് മുന്നണി മര്യാദയുടെ പേരിലാണ് കേരളാ കോൺഗ്രസിന് വിട്ടുനൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലും ചില നേതാക്കളുടെ അതൃപ്തിയും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താൽപ്പോലും അത് മുന്നണിയാൽ കലാപത്തിന് കാരണമാവും.