kottachira

വൈക്കം: ടി.വി പുരം കോട്ടച്ചിറ ഭദ്രകാളി സുവർണ ക്ഷേത്രത്തിൽ ഭഗവതിയ്ക്ക് വടക്കോട്ട് ദർശനമായി നിർമ്മിച്ച ക്ഷേത്രത്തിൽ ഭഗവതിയുടെ പുനഃപ്രതിഷ്ഠ ഞായറാഴ്ച രാവിലെ നടത്തി.
ദേവപ്രശ്‌ന വിധി പ്രകാരമാണ് വടക്കോട്ട് ദർശനമായി ക്ഷേത്രം നിർമ്മിച്ചത്. ഞായറാഴ്ച രാവിലെ 8.30ന് തന്ത്രി കാശാങ്കോടത്ത് നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം തന്ത്രി പയറാട്ട് ഇല്ലത്ത് വിജയൻ തിരുമേനിയുടേയും മേൽശാന്തി രതീഷ് മൂത്തേടത്തുകാവിന്റേയും മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. രാവിലെ കലശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ശേഷമാണ് ഭഗവതിയുടെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. തുടർന്ന് താഴികക്കുട പ്രതിഷ്ഠയും നടത്തി. ദേവിക്ക് ആദ്യ കാണിക്ക സമർപ്പണം വിജയാ ഫാഷൻ ജ്യൂവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു. മാതാ അമൃതാനന്ദമയി വൈക്കം മഠാധിപതി നൈവേദ്യ അമൃതചൈതന്യ അനുഗ്രഹപ്രഭാഷണവും ഭജനയും നടത്തി. വൈകിട്ട് ദേശതാലപ്പൊലിയും പ്രത്യേക ചടങ്ങായിരുന്നു. ക്ഷേത്രം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ കൂട്ടുങ്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. രക്ഷാധികാരി എം.എസ് അംബുജാക്ഷൻ, ക്ഷേത്രം പ്രസിഡന്റ് ആർ.ധർമ്മജൻ, സെക്രട്ടറി കെ.എം തങ്കച്ചൻ, മഹിളാസമാജം പ്രസിഡന്റ് സുബി പദ്മജൻ, സെക്രട്ടറി സന്ധ്യാ വിനോദ് എന്നിവർ നേതൃത്വം നൽകി.