aalekkad

വൈക്കം : മേടപ്പകലിന് പുണ്യമായി ആദിത്യഭഗവാന് ഉദയംപൂജ സമർപ്പിച്ചു. പത്താംമുദയ ഉത്സവത്തോട് അനുബന്ധിച്ചു വൈക്കത്ത് വിവിധ ക്ഷേത്രങ്ങളിൽ ഉദയംപൂജ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തി. ആദിത്യഭഗവാന് പ്രത്യേക പൂജകളും അഭിഷേകവും പ്രധാന ചടങ്ങുകളായിരുന്നു. ചെമ്പ് മുറിഞ്ഞപുഴ അഖില കേരള ധീവരസഭ 111ാം നമ്പർ കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള ആളേകാട് ശ്രീ ധർമ്മ ദൈവക്ഷേത്രത്തിൽ ഉദയംപൂജയുടെ ചടങ്ങുകൾ ഭക്തി നിർഭരമായി. ഇന്നലെ രാവിലെ വൃതശുദ്ധിയോടെ എത്തിയ ഇരുന്നൂറോളം ഭക്തരാണ് ഉദയംപൂജ ചടങ്ങിൽ പങ്കെടുത്തത്. താലങ്ങളിൽ കോൽത്തിരിയും നീരാഞ്ജന ദീപവും തെളിച്ച് പ്രത്യേക ചേരുവയിൽ തയ്യാറാക്കിയ പൂജ അപ്പവും പഴങ്ങളും പുഷ്പ്പങ്ങളും വെച്ച് താലങ്ങൾ ഉയർത്തി ആദിത്യഭഗവാനെ സ്തുതിച്ചു.
അരൂക്കുറ്റി അമൽകൃഷ്ണൻ മുഖ്യകാർമ്മികനായിരുന്നു. വായ്ക്കുരവകളും ആർപ്പ്‌വിളുകളും ,ഉടുക്കുപാട്ടും ചടങ്ങിന് ഭക്തിയേകി. മൂന്ന് പ്രാവശ്യം താലങ്ങൾ ഉയർത്തി സൂര്യഭഗവാനെ നമസ്‌ക്കരിച്ച് ചടങ്ങുകൾ പൂർത്തിയാക്കി. ക്ഷേത്രം പ്രസിഡന്റ് കെ.എ സരസൻ, സെക്രട്ടറി പി.ആർ വിനോദ്, വൈസ് പ്രസിഡന്റ് സി.കെ പുഷ്പശരൻ, ജോ.സെക്രട്ടറി പി.എൻ ചന്ദ്രൻ, ട്രഷറർ എ.ഡി ദേവദാസൻ, വനിതാസമാജം പ്രസിഡന്റ് മണി ചിദംബരൻ, സെക്രട്ടറി മീനാക്ഷി സദാനന്ദൻ, ട്രഷറർ കാഞ്ചന ദിവാകരൻ എന്നിവർ നേതൃത്വം നൽകി.