
കോട്ടയം: ആലപ്പുഴയിൽ ജില്ലയിൽ വീണ്ടും പക്ഷിപ്പനി പടരുമ്പോൾ പ്രതിസന്ധിയുടെ നടുത്തളത്തിലാണ് അപ്പർകുട്ടനാട്ടിലെ കർഷകർ. മേഖലയിലെ താറാവ് കർഷകർക്ക് കഴിഞ്ഞ സീസണിലെ നഷ്ടപരിഹാരം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഏഴുദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 55 ലക്ഷം രൂപയാണ് കോട്ടയം ജില്ലയിൽ കർഷകർക്ക് ലഭിക്കേണ്ടത്.
നഷ്ടപരിഹാരം ലഭിക്കേണ്ടവരിൽ പലരും വായ്പയെടുത്താണ് താറാവുകളെ വളർത്തിയത്. ബാങ്ക് വായ്പയുടെ പലിശപോലും അടയ്ക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ വേണ്ടത്ര ഫണ്ട് വകുപ്പിന് അനുവദിച്ചിട്ടില്ല. നഷ്ടപരിഹാരമായി നാമമാത്രതുകയാണ് ലഭിക്കുന്നതെന്ന ആക്ഷേപവും കർഷകർക്കുണ്ട്.
പുതുക്കാത്ത നഷ്ടപരിഹാരം
രണ്ട് മാസം പ്രായമുള്ള കോഴിക്കും താറാവിനും 200 രൂപയും, രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. 2014ലെ തീറ്റ,ഇറച്ചി വില അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർണയിച്ചത്. എന്നാൽ തീറ്റയ്ക്കും പ്രതിരോധവാക്സിനും ഉൾപ്പെടെ ഒരു താറാവിന് 250 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാകുമ്പോൾ ഒരു താറാവ് 350 രൂപ മുതൽ 370 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് സർക്കാർ 200 രൂപ മാത്രം നൽകുന്നത്.
കൊന്നൊടുക്കിയത്
(കോഴി, താറാവ്): 26,051
വീണ്ടും ആശങ്ക
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശമുണ്ട്. ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട തുടങ്ങിയ വളർത്തുപക്ഷികളുടെയും ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെയും ഉപയോഗവും വിപണനവും 25 വരെ നിരോധിച്ചിട്ടുണ്ട്.