bypass

കറുകച്ചാൽ: ഗതാഗതക്കുരുക്കിൽ അമരുന്ന കറുകച്ചാൽ ടൗണിനെ രക്ഷിക്കേണ്ട ബൈപ്പാസ് നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.

കറുകച്ചാൽ- നെത്തല്ലൂർ കുരിശുപള്ളി കവല ബൈപ്പാസ് റോഡ് നിർമ്മാണം നീളുകയാണ്. ഗുരുമന്ദിരം കവലയിൽനിന്ന് നെത്തല്ലൂർ കുരിശുപള്ളിക്കവലയിലേക്കുള്ള ബൈപ്പാസിന് ബഡ്ജറ്റിൽ നാലു കോടി അനുവദിച്ചെങ്കിലും തുടർ നടപടികളായിട്ടില്ല.

ഏറെ വീതി കുറഞ്ഞ റോഡാണ് കറുകച്ചാൽ ടൗണിന്റെ ശാപം. സ്റ്റാൻഡിലേക്ക് ബസ് കയറുന്നതും ഇറങ്ങുന്നതും ടൗണിനെ കുരുക്കുന്നു. ഇതിന് പരിഹാരമാണ് ബൈപ്പാസ്. ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ കറുകച്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. കറുകച്ചാൽ ഗുരുമന്ദിരം കവലയിൽനിന്ന് ആരംഭിക്കുന്ന ബൈപ്പാസ് ബംഗ്ലാംകുന്ന് വഴി നെത്തല്ലൂർ കുരിശുകവലയിൽ എത്തും. രണ്ടു കിലോമീറ്റർ ദൂരം വരുന്ന റോഡ് പരമാവധി വീതികൂട്ടി ബി.എം.ആൻ‌ഡ് ബി.സിയിൽ ടാറിംഗ് നടത്തുകയാണ് ലക്ഷ്യം. ഇതിനിടെ വാട്ടർ അതോറിറ്റിയുടെ പണികൾ പൂർത്തിയാകാത്തതാണ് വീതികൂട്ടിയുള്ള ബൈപ്പാസ് റോഡിന് തടസമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഇടുങ്ങിയതും തിരക്കേറിയതുമായ ഗുരുമന്ദിരം കവലയുടെ നവീകരണവും പദ്ധതിയിലുണ്ട്. ബൈപ്പാസ് റോഡിലെ വളവുകൾ നിവർത്തി വീതികൂട്ടി സുരക്ഷാ ക്രമീകരണം ഒരുക്കി നവീകരിക്കും.

ചങ്ങനാശേരി, മണിമല, മല്ലപ്പള്ളി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് കോട്ടയം ഭാഗത്തേക്കു പോകാൻ എളുപ്പമാകും. ഇതോടെ ടൗണിലെയും കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗത്തെയും ഗതാഗതക്കുരുക്ക് ഒഴിയും. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ കറുകച്ചാലിൽ എത്താനും കഴിയും.