
കോട്ടയം: പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവേശം ഇരട്ടിയായി. ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പടുകൂറ്റൻ റോഡ് ഷോയ്ക്കാണ് ഇന്നലെ കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്. രാമപുരം കവലയിൽ നിന്നാണ് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലും മറ്റുവാഹനങ്ങളിലുമായി പ്രവർത്തകരോടൊപ്പം റോഡ് ഷോ ആരംഭിച്ചത്. കൂത്താട്ടുകുളത്ത് നിന്നാരംഭിച്ച് തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലൂടെ പിറവം നഗരസഭയിലെ പര്യടനം പൂർത്തിയാക്കി തിരുവാങ്കുളം പഞ്ചായത്തിലെ തിരുവാങ്കുളം ജംഗ്ഷനിലാണ് റോഡ്‌ഷോ സമാപിച്ചത്. എല്ലാവരെയും അഭിവാദ്യം ചെയ്തായിരുന്നു സ്ഥാനാർത്ഥിയുടെ യാത്ര.
എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പൊതുപര്യടനം കിടങ്ങൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാണ് ആരംഭിച്ചത്. ചേർപ്പുങ്കൽ,കടപ്ലാമാറ്റം,വയല,കടപ്പൂർ,വെമ്പള്ളി, കളത്തൂർ, കാണക്കാരി, കുറുമുളളൂർ, മാഞ്ഞൂർ സൗത്ത്,മാൻവെട്ടം, കപിക്കാട്, കപ്പേള, ആപ്പാഞ്ചിറ, അറുനൂറ്റമംഗലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കടുത്തുരുത്തിയിൽ സമാപിച്ചു. റോഡരികിൽ പൂക്കളുമായി കാത്തുനിന്നവർക്കിടയിലേക്ക് മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് തുഷാർ എത്തിയത്. പൂക്കളും ഷാളുകളും നൽകി ജനം തുഷാറിനെ സ്വീകരിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ പുതുപ്പള്ളി നിയോജകമണ്ഡലം പര്യടനം പ്രവർത്തകർക്ക് ആവേശമായി.
അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബിജു പറമ്പകത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, ജനറൽ കൺവീനർ ആന്റണി തുപ്പലഞ്ഞി, യു.ഡി.എഫ് നേതാക്കളായ രാധാ വി.നായർ , ജയിംസ് കുന്നപ്പള്ളി, ഷേർലി തര്യൻ, അനിയൻ മാത്യു, ജിജി നാകമറ്റം, ജോയി കൊറ്റം, കെ.കെ രാജു, കെ.ബി ഗിരീശൻ , സാബു സി.കുര്യൻ, കെ കെ അപ്പുക്കുട്ടൻ നായർ, എം.പി അന്ത്രയോസ്, കെ.ആർ ഗോപകുമാർ, സിജു കെ ഐസക്, എൻ.ജെ പ്രസാദ്, ബിജു പുത്തൻകുളം തുടങ്ങിയവർ പങ്കെടുത്തു.