
ചങ്ങനാശേരി: ഇനി പ്രളയമുണ്ടായാൽ മഞ്ചാടിക്കര ഒറ്റപ്പെടില്ല. വെള്ളപ്പൊക്കത്തെ അതിജീവിക്കാനും പുറത്തുകടക്കാനുമായി മഞ്ചാടിക്കര പാലവും അപ്രോച്ച് റോഡും മൂന്നടിയോളം കോൺക്രീറ്റ് ചെയ്ത് ഉയർത്തി. ഇന്റർലോക്ക് കട്ടകൾ പാകി. പാലം ബലപ്പെടുത്തുകയും ചെയ്തു. നഗരസഭയുടെ 2022–23 വാർഷിക പദ്ധതികളിൽ ബഹുവർഷ പദ്ധതിയായി ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചെലവഴിച്ച് 200 മീറ്ററോളം ഭാഗമാണ് ഉയർത്തിയത്. പെയ്ത്തു വെള്ളം ഒഴുകി പോകാൻ ഓടയും നിർമ്മിച്ചിട്ടുണ്ട്.
പ്രളയകാലത്ത് ഏറ്റവുമധികം ദുരിതം അനുഭവിച്ച മേഖലയായിരുന്നു മഞ്ചാടിക്കര. നൂറുകണക്കിന് കുടുംബങ്ങളാണ് പ്രളയജലത്തിൽ നിന്നും പുറത്തു കടക്കാനാകാതെ ഒറ്റപ്പെട്ട് പോയിരുന്നത്. മാർക്കറ്റ് റോഡ്, കാക്കാംതോട് റോഡ്, മഞ്ചാടിക്കര റോഡ് ഈ മൂന്നു വഴികളാണ് ഇവിടെയുള്ളവർക്ക് പുറത്തുകടക്കാൻ ആശ്രയം. പ്രളയകാലത്ത് ഈ മൂന്നു റോഡുകളും ഒരു പോലെ വെള്ളത്തിനടിയിലാകും.
മഴക്കാലത്ത് നഗരത്തിൽ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായി ഇവിടം മാറിയിരുന്നു. വാലുമ്മേച്ചിറ തോടും മഞ്ചാടിക്കര തോടും പാടശേഖരങ്ങളും മഴയിൽ നിറഞ്ഞ് കവിഞ്ഞൊഴുകും. പ്രളയമുണ്ടായാൽ പുറത്ത് കടക്കാൻ അടിയന്തര പാത വേണമെന്ന ആവശ്യമുയർന്നതിനെ തുടർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. പാലത്തെ ബന്ധിപ്പിക്കുന്ന വാഴപ്പള്ളി വണ്ടിപ്പേട്ട റോഡും ഇതിനോടനുബന്ധിച്ചു ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കി. നിർമ്മാണ പ്രവൃത്തിയുടെ 95 ശതമാനവും പൂർത്തിയായി. മിനി മാസ്റ്റ് ലൈറ്റും പാലത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ മധുരാജ് വ്യക്തമാക്കി.
തോട് വൃത്തിയാക്കും
ഒരു കിലോമീറ്റർ നീളമുള്ള മാളേക്കൽ മഞ്ചാടിക്കര തോടും, വാലുമ്മേൽ ആറ്റുവാകരി തോടും ആഴം കൂട്ടി ശുചീകരിക്കുന്ന പ്രവൃത്തി ഉടനെ ആരംഭിക്കും. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് വെള്ളം പൊങ്ങുന്ന സാഹചര്യവും ഒഴിയുന്നതോടെ ഒരു പരിധിവരെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാകും.