
മുണ്ടക്കയം: കൊട്ടാരക്കര- ഡിണ്ടിഗൽ ദേശീയ പാതയിൽ മുണ്ടക്കയം ബൈപ്പാസ് ആരംഭിക്കുന്ന പൈങ്ങനായിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. ദേശീയപാതയിലൂടെ മുണ്ടക്കയം ഭാഗത്തുനിന്നും എതിർദിശയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബൈപ്പാസിലേക്കു തിരിഞ്ഞു കയറുമ്പോഴും ബൈപ്പാസിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴുമാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. ഒപ്പം സമീപത്തെ തിയേറ്റർ കോംപ്ലക്സിൽ നിന്നുള്ള വാഹനങ്ങൾ കൂടിയാകുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.
ദേശീയപാതയിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും ബൈപ്പാസിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാറില്ല. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വളരെ വേഗത്തിൽ ബൈപ്പാസിലേക്കു തിരിഞ്ഞു പോകുമ്പോഴും എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുന്നത് പതിവാണ്. കൂടാതെ സമീപത്തെ തിയറ്റർ കോംപ്ലക്സിലേക്കു വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും ദേശീയപാതയുടെ ഇരുവശങ്ങളി ലും ഗതാഗതക്കുരുക്കിനിടയാക്കും. ആഘോഷ ദിവസങ്ങളിലും പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോഴും തിയേറ്റർ കോംപ്ലക്സിൽ നിന്നുള്ള വാഹനങ്ങൾ ഒരുമിച്ച് ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോൾ മേഖലയിൽ ഏറെനേരം ഗതാഗ തക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് സമീപത്തെ വ്യാപാരി പറഞ്ഞു. പൈങ്ങനാ പാലത്തിനു സമീപം ബൈപാസ് ആരംഭിക്കുന്നിടത്ത് താത്കാലിക ഡിവൈഡറുകൾ സ്ഥാപിക്കുകയോ ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെ റൗണ്ടാന അടക്കമുള്ള സൗകര്യങ്ങൾ ക്രമീകരിക്കു കയോ ചെയ്താൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. ഇതിനു സമീപത്താണ് വിദേശ മദ്യഷോപ്പ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്ന വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതും മേഖലയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.