toress-lorry

വൈക്കം: നിയമവും നിയന്ത്റണവുമൊന്നും ഇവിടെ ബാധകമല്ലേ? വൈക്കം-വെച്ചൂർ റോഡിൽ ടോറസ് ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു. താരതമ്യേന വീതി കുറഞ്ഞ വൈക്കം വെച്ചൂർ റോഡിൽ റോഡിന് താങ്ങാവുന്നതിലധികം ഗതാഗത തിരക്കുണ്ട്. അതിന് പുറമേയാണ് ടോറസുകൾ തലങ്ങും വിലങ്ങും പായുന്നത്.
വീതികുറഞ്ഞ റോഡിലൂടെ അമിതവേഗത്തിൽ ടോറസുകൾ പായുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ മാ​റ്റി നിറുത്തിക്കൊടുത്തില്ലെങ്കിൽ അപകടം ഉറപ്പാണ്. ഇടയാഴം, കല്ലറ, കുറുപ്പന്തറ റോഡിലും സ്ഥിതി വ്യത്യസ്തമല്ല. 600ൽപ്പരം ടോറസുകളാണ് ഈ റോഡിലൂടെ ദിവസവും സർവീസ് നടത്തുന്നത്. ഭയപ്പാടോടെയാണ് ചെറുവാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും യാത്രചെയ്യുന്നവർ റോഡുവഴി കടന്നുപോകുന്നത്. നിരവധി അപകടങ്ങളും ടോറസിന്റെ അമിതവേഗം മൂലം ഉണ്ടായിട്ടുണ്ട്. പൊലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും പരിശോധന കുറഞ്ഞതാണ് ടോറസ് ലോറികളുടെ അമിതവേഗത്തിന് കാരണം. മുമ്പ് വൈക്കം വെച്ചൂർ റോഡിൽ പല സ്ഥലങ്ങളിലും പൊലീസിന്റെ പരിശോധന ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ പരിശോധന കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിൽ ഉദ്യോഗസ്ഥരുടെ കുറവാണ് പരിശോധന കൃത്യമായി നടക്കാത്തതിന്റെ കാരണമെന്നാണ് അധികൃതർ പറയുന്നത്.

നഗരത്തിൽ അനധികൃത പാർക്കിംഗ്

വൈക്കം നഗരത്തിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് മ​റ്റാരു വലിയ പ്രറശ്‌നം. വൈകുന്നേരമായാൽ പടിഞ്ഞാറേ നടയിലും തെക്കേ നടയിലും കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാന്റ് റോഡിലുമൊക്കെ ഗതാഗതക്കുരുക്ക് പതിവാണ്. വൺവേ സംവിധാനം നിലവിലുണ്ടെങ്കിലും ബസുകളുടെ കാര്യത്തിൽ മാത്രമാണ് അത് കർശനമായുള്ളത്.
തെക്കേ നടയിൽ മൂന്ന് റോഡുകളിൽ നിന്നും ഒരു നിയന്ത്റണവുമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ വരുന്നതിനാൽ ഗതാഗതക്കുരുക്കിന് പുറമേ അപകടങ്ങളും പതിവാണ്.

ആഡംബര ബൈക്കുകളിൽ അഭ്യാസപ്രകടനം

എൻജിൻകരുത്ത് കൂടിയ ആഡംബര ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കളാണ് നഗരത്തിലെ നിരത്തുകളുടെ മ​റ്റൊരു തലവേദന. കാതടപ്പിക്കുന്ന ശബ്ദത്തിൽ മിന്നൽവേഗത്തിൽ വരുന്ന ബൈക്ക്, യാത്രക്കാർ ധാരാളമുള്ള സ്ഥലത്തെത്തുമ്പോൾ പോലും വേഗത കുറയ്ക്കില്ല. മിക്ക ബൈക്കുകളുടേയും നമ്പർ പ്ലേ​റ്റുകൾ പെട്ടെന്ന് കാണാൻ സാധിക്കാത്ത തരത്തിലാണുണ്ടാവുക.