
ഏഴാച്ചേരി: കഴിഞ്ഞ മൂന്നുനാല് ദിവസത്തിനിടെ ഏഴാച്ചേരിയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മോഷണങ്ങളെയും മോഷണശ്രമങ്ങളെയുംപറ്റി കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി രാമപുരം പൊലീസ്. പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഇതിനിടെ ഒരു സൈക്കിൾകൂടി മോഷണം പോയതായുള്ള വിവരവും പുറത്തുവന്നു.
കഴിഞ്ഞ കുറെ നാളുകളായി ഏഴാച്ചേരിയിലെ ചില ഭാഗങ്ങൾ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചില വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുന്നു.
ഏഴാച്ചേരി ഗാന്ധിപുരം പുളിയാനിപ്പുഴ ജിതിന്റെ മുപ്പതിനായിരം രൂപ വിലവരുന്ന സ്‌പോർട്‌സ് സൈക്കിളാണ് മോഷണം പോയത്. മറ്റ് മൂന്ന് വാഹനങ്ങൾക്കൂടി മോഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.
കാവിമുണ്ടുടുത്ത് ഫോൺ ചെയ്ത് പോയയാളാണോ കള്ളൻ...?
സംഭവം നടന്ന രാത്രി പത്തരയോടെ ഏഴാച്ചേരി രാമപുരം റൂട്ടിൽ കാവിമുണ്ടുടുത്ത് ഷർട്ടിടാതെ ഫോൺ ചെയ്ത് നടന്നുപോകുന്ന ഒരു യുവാവിനെ ചിലർ കണ്ടിരുന്നു. എന്നാൽ മറ്റ് സംശയങ്ങളൊന്നും തോന്നാത്തതിനാൽ കൂടുതൽ ശ്രദ്ധിച്ചില്ല.