
വൈക്കം: ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കി വൈക്കം സ്വദേശിയായ പതിമ്മൂന്നുകാരൻ ശ്രേയസ്. ചെമ്പ് തെക്കേച്ചിറ ഗിരിഷിന്റെയും ചിഞ്ചുവിന്റെയും മകനാണ്. കാക്കനാട് ജെംസ് മോഡേൺ അക്കാഡമിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ കാമ്പെയിനിലാണ് അപൂർവ നേട്ടം. ഇന്ത്യ ബുക്ക്സ് ഒഫ് റെക്കാഡ്സിലും ഇടംനേടി. ഗിന്നസ് റിക്കാഡ്സിന്റെ പരിഗണനയിലുമാണ്.
നാസയുടെ സഹകരണത്തോടെ കണ്ടെത്തിയ 800 ലധികം ഛിന്നഗ്രഹങ്ങളിൽ രണ്ടെണ്ണമാണ് ശ്രേയസിന്റെ ക്രെഡിറ്റിലുള്ളത്.
കുട്ടിക്കാലം മുതലേ ആസ്ട്രോളജിയിൽ തത്പരനായിരുന്ന ശ്രേയസ് 2021ൽ നാസയുടെ ഇ റിസർച്ച് ടീമിൽ അംഗമായി. തുടർന്ന് 2022ൽ നാസയുടെ സിറ്റിസൺ സയന്റിസ്റ്റായി. മാസ് ഇന്ത്യ ഒബ്സർവേഷൻ ടീം ആയ മിൽക്കി വേ എക്സ്പ്ലോറർ ടീം അംഗമായി പ്രർത്തിക്കുമ്പോഴാണ് ശ്രേയസ് രണ്ട് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ കാമ്പയിനിൽ ഫെബ്രുവരി 5 മുതൽ 29 വരെ നടത്തിയ റിസർച്ചിലാണ് ശ്രേയസിന്റെ നേട്ടം.
നക്ഷത്രത്തിന് പേരിട്ടു
നാസ കണ്ടു പിടിച്ച ഒരു നക്ഷത്രത്തിന് പേരിടാനുള്ള അവസരവും ശ്രേയസിന് ലഭിച്ചു. 'ജി.എസ്. സി ഷൈനി ഫൈവ് എയിറ്റ് വൺ വൺ ടു നയൻ ' എന്നാണ് ശ്രേയസ് നൽകിയ പേര്.
ശമ്പളം ലഭിക്കാതെ 150ഓളം പേർ; ഫാമിലി
കൗൺസലിംഗ് സെന്ററുകൾ അടച്ചൂപൂട്ടൽ ഭീഷണിയിൽ
കൃഷ്ണകുമാർ ആമലത്ത്
തൃശൂർ : ഒന്നര വർഷമായി ഫാമിലി കൗൺസലർമാർക്ക് വേതനമില്ലാതായതോടെ, കൗൺസലിംഗ് സെന്ററുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. നിലവിൽ വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 36 കൗൺസലിംഗ് സെന്ററിലെ 150 ഓളം ജീവനക്കാർക്കാണ് 2022 സെപ്തംബർ മുതൽ വേതനം ലഭിക്കാത്തത്. 1983 മുതലാണ് സെന്റർ ആരംഭിച്ചത്.
കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡിന്റെയും സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം. എന്നാൽ 2022 സെപ്തംബറിൽ കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡ് നിറുത്തലാക്കുന്നതിന്റെ ഭാഗമായി പദ്ധതി സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കുകയായിരുന്നു. ആറ് മാസം കൂടുമ്പോഴാണ് ഇവരുടെ കരാർ പുതുക്കുന്നത്. എന്നാൽ ഒന്നരവർഷമായി കരാർ പുതുക്കിയിട്ടില്ല.
ഫാമിലി കൗൺസലിംഗ് സെന്ററുകൾക്ക് പതിനായിരം രൂപയാണ് ഓണറേറിയം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യമായാണ് ഇത് നൽകിയിരുന്നത്. 2017ൽ സംസ്ഥാന സർക്കാർ 4,500 രൂപ അഡിഷണൽ ഓണറേറിയം ഒരു വർഷം നൽകി. പിന്നീട് കൊവിഡിന് ശേഷം പുനരാരംഭിച്ചെങ്കിലും അതും ഒന്നര വർഷത്തിലധികമായി മുടങ്ങിയിരിക്കുകയാണ്. അടുത്തിടെ തൃശൂരിൽ ഒരു സെന്റർ അടച്ചുപൂട്ടിയിരുന്നു.
സമരപരിപാടികളുമായി മുന്നോട്ട്
ഒന്നര വർഷത്തോളമായി വേതനം ലഭിക്കാതെയാണ് 150 ഓളം പേർ ജോലി ചെയ്യുന്നത്. ഓരോ കൗൺസലിംഗ് സെന്ററിലും മാസം മുപ്പതിനും നാൽപതിനും ഇടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ലീന ചെറിയാൻ, അമൃത അശോകൻ, സി.കെ.ഭാനുമതി, ജിബി, ജിഷ ബിനു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.