
കോട്ടയം: പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോഴും ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗം പുറമേ പ്രകടമല്ലെങ്കിലും അടിയൊഴുക്കുകൾ കോട്ടയത്ത് ശക്തമാണ്. വിവാദങ്ങൾ ഉണ്ടാവുകയും പെട്ടെന്ന് കെട്ടടങ്ങി അടുത്ത വിവാദത്തിന് തിരികൊളുത്തുന്ന പ്രചാരണരംഗത്ത് ഇന്നലെ ഉയർന്നത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മകന് മൗറീഷ്യസിൽ കോടികളുടെ ബാങ്ക് നിക്ഷേപമുണ്ടെന്ന ആരോപണമായിരുന്നു. ഇതിനെതിരെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായി നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തി അറിയിച്ചു. തോമസ് ചാഴികാടൻ എം.പി ഫണ്ട് നൂറ് ശതമാനം ചെലവഴിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും ഫണ്ട് ചെലവഴിച്ചിട്ടില്ലെന്ന വിവരാവകാശ കണക്കുമായിട്ടായായിരുന്നു മോൻസ് ജോസഫിന്റെ ആരോപണം.
ഇടതുസ്ഥാനാർത്ഥി തോമസ് ചാഴികാടൻ യു.ഡി.എഫിൽ നിന്ന് എം.പിയായ ശേഷം കാലുമാറി ഇടതു മുന്നണിയിലെത്തി ജനങ്ങളെ വഞ്ചിച്ചയാളാണെന്ന ആരോപണത്തിന് ഫ്രാൻസിസ് ജോർജ് പല മുന്നണിമാറി പല ചിഹ്നത്തിൽ മത്സരിച്ച ആളെന്നായിരുന്നു ഇടതുനേതാക്കളുടെ മറുപടി.
റബർ വിലയിടിവായിരുന്നു ആദ്യം മുതൽ പ്രധാന പ്രചാരണായുധം. റബർ വില കിലോയ്ക്ക് 180 രൂപ വരെ എത്തിയതിന്റെ ക്രെഡിറ്റുമായി രംഗത്തെത്തി 250 രൂപ ഉറപ്പാക്കുമെന്ന വാഗ്ദാനം ചെയ്ത എൻ.ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മറ്റു മുന്നണി സ്ഥാനാർത്ഥികൾ പറയാൻ ഭയന്ന ലൗജിഹാദും ചർച്ചാവിഷയമാക്കി.പ്രചാരണത്തിന്റെ അവസാന റൗണ്ടിൽ വലിയ മുന്നേറ്റം നടത്തിയ എൻ.ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പിടിക്കുന്ന വോട്ടുകൾ തന്നെയാകും വിധിയിൽ നിർണായകമാകുക.
ചാഴികാടൻ ജയിക്കും: മന്ത്രി വാസവൻ
ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. സ്ഥാനാർത്ഥിയുടെ ക്ലീൻ ഇമേജ് വോട്ടായി മാറും.
വൻഭൂരിപക്ഷത്തിൽ ലഭിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ജോസ് വിഭാഗം മുന്നണി വിട്ടുപോയത് ക്ഷീണമല്ല.
തുഷാർ അട്ടിമറി ജയം നേടും: ലിജിൻ ലാൽ (ബി.ജെ.പി ജില്ലാ പ്രസിഡന്റ് )
നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളുടെ ബലത്തിൽ തുഷാർ വെള്ളാപ്പള്ളി അട്ടിമറിവിജയം നേടും. ജയിച്ചാൽ തുഷാർ കേന്ദ്രമന്ത്രിയാവുമെന്ന പ്രചാരണവും കോട്ടയത്ത് വൻ വികസനമുണ്ടാകുമെന്ന പ്രചാരണവും ക്ലിക്കായി.