
വൈക്കം: ആചാരനിറവിൽ ആൾത്തടികൾ ഒരുങ്ങുന്നു. കാലാക്കൽ ക്ഷേത്രത്തിൽ നാളെ തടി അഭിഷേകം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കീഴേടമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള തടി നിവേദ്യം 25 ന് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഗരുഡൻ തടി, ആൾ തടി, കൈ തടി, കാൽ തടി, ഉടൽ തടി എന്നിവയാണ് നിലവിൽ നടന്നു വരുന്ന നിവേദ്യങ്ങൾ. തടി വഴിപാട് ഒരുക്കുന്നതിനും സവിശേഷതയുണ്ട്. തോട്ടത്തിൽ നിന്നും കമുകിൻ പാള ശേഖരിക്കുന്നതോടെയാണ് തുടക്കം. ഒരു തടി ഒരുക്കുവാൻ ഒരു പാള വേണ്ടി വരും. പാള വെളളത്തിൽ കുതിർത്ത് ഒരുക്കി വാഴനാരുപയോഗിച്ച് തുന്നി കൂടു പോലെയാക്കിയ ശേഷം അതിലാണ് തയ്യാറക്കിയ മാവ് ഒഴിക്കുന്നത്.
അരിപ്പൊടി, ഏലക്ക, ചുക്ക്, ജീരകം, ജാതിപത്രി തുടങ്ങിയ അഞ്ചു തരം പൊടികളും കദളിപ്പഴം, മുന്തിരി, ഈന്തപ്പഴം, പൂവൻ പഴം, ഞാലിപ്പൂവൻ പഴം എന്നീ അഞ്ചു തരം പഴവർഗ്ഗങ്ങളും ശർക്കര, ചക്കര പഞ്ചസാര, തേൻ, കൽക്കണ്ടം എന്നീ മധുരവും കൂടാതെ അണ്ടിപരിപ്പ്, നെയ്യ് എന്നിവ ഉൾപ്പടെ 21 തരം സാധനങ്ങളുമാണ് തടി വഴിപാടിനായി ഉപയോഗിക്കുന്നത്.
ഇവയെല്ലം ഒരുക്കിയെടുത്ത് യോജിപ്പിച്ച് കുതിർത്ത പാളയിലാക്കും. ചുട്ടുപഴുത്ത നാക തകിടിൽ ആവശ്യത്തിന് മണൽ വിരിച്ച് അതിൽ തയ്യാറാക്കി വച്ചിരിക്കുന്ന തടി വച്ച ശേഷം അതിന് മുകളിൽ വീണ്ടും മണൽ വിരിച്ചാണ് പാചകം ചെയ്യുന്നത്. നാലു മണിക്കൂർ വേണം ഒരു തടി പാകമാകുവാൻ. ഒരു ഘട്ടത്തിൽ 110 തടികളാണ് തയ്യാറാക്കുന്നത്. 15 ആൾക്കാരുടെ സേവനത്തിൽ എട്ടു ദിവസം കൊണ്ടാണ് തടി ഒരുക്കി വരുന്നതെന്ന് 43 വർഷമായി കാലാക്കൽ ക്ഷേത്രത്തിലേക്ക് തടി വഴിപാട് ഒരുക്കുന്ന വൈക്കം അയ്യർ കുളങ്ങര ദർശനയിൽ സുകുമാരൻ പറയുന്നു. 25 ന് വൈകിട്ട് ദീപാരാധനക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തടി ഘോഷയാത്ര ക്ഷേത്രത്തിലെത്തി സമർപ്പിച്ച് അഭിഷേകം പൂർത്തിയാക്കും.